കോട്ടയം: മള്ളിയൂർ ശങ്കരസ്മൃതി പുരസ്കാരം ഐഎസ്ആർഒ മുൻ ചെയർമാനും ബഹിരാകാശ ശാസ്ത്രജ്ഞനുമായ ഡോ. എസ്. സോമനാഥിന്. ഇതോടൊപ്പം മള്ളിയൂർ ഗണേശ പുരസ്കാരത്തിന് പ്രശസ്ത ഹരികഥാ വിദുഷി വിശാഖ ഹരി അർഹയായി.
ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ശങ്കരസ്മൃതി പുരസ്കാരം. 25,001 രൂപയും, ഫലകവും, പ്രശസ്തിപത്രവുമാണ് ഗണേശ പുരസ്കാരം. ഫെബ്രുവരി 2ന് നടക്കുന്ന 104-ാം മള്ളിയൂർ ഭാഗവതഹംസ ജയന്തി അനുസ്മരണവേദിയിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.
പ്രശസ്ത ഭാഗവതാചാര്യൻ ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ സ്മരണാർഥം ഏർപ്പെടുത്തിയതാണ് പുരസ്കാരം. ഭാഗവതഹംസ ജയന്തിയോടനുബന്ധിച്ച് വർഷം തോറും നൽകിവരുന്ന ശങ്കരസ്മൃതി പുരസ്കാരം 2012ലാണ് ആരംഭിച്ചത്. ആദ്യ പുരസ്കാരത്തിന് അർഹനായത് മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാം ആയിരുന്നു. കല, സാഹിത്യം, ശാസ്ത്രം, ആധ്യാത്മിക രംഗങ്ങളിൽ സ്തുത്യർഹവും സമർപ്പിതവുമായ സേവനം നടത്തിയ പ്രഗത്ഭ വ്യക്തിത്വങ്ങളെയാണ് പുരസ്കാരത്തിന് പരിഗണിക്കുന്നതെന്ന് മള്ളിയൂർ ക്ഷേത്ര ട്രസ്റ്റിമാരായ മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയും, ദിവാകരൻ നമ്പൂതിരിയും പറഞ്ഞു.
ഐ.എസ്.ആര്‍.ഒയുടെ അതിശയകരമായ വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയ ഡോ. എസ്. സോമനാഥ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നും വിരമിച്ചത് അടുത്തയിടെയാണ്. ചന്ദ്രയാനും സൗര്യദൗത്യവും അടക്കമുള്ള ഒട്ടേറെ ദൗത്യങ്ങള്‍ക്കും, ബഹിരാകാശ ഗവേഷണരംഗത്തെ വിപ്ലവകരമായ നിരവധി നയംമാറ്റങ്ങള്‍ക്കും അദ്ദേഹം ചുക്കാന്‍ പിടിച്ചു.