വയനാട്: മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ യുവതിയെ കടുവ ആക്രമിച്ചു കൊലപെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് മാനന്തവാടി നഗരസഭാ പരിധിയിൽ യുഡിഎഫും എസ്‌ഡിപിഐയും പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. അവശ്യസർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം, നരഭോജി കടുവയ്ക്കായുള്ള വനം വകുപ്പിന്‍റെ തെരച്ചിൽ രണ്ടാം ദിനവും തുടരും. കൂടുതൽ ആർആർടി സംഘം ശനിയാഴ്ച വനത്തിൽ തെരച്ചിൽ നടത്തും. തെർമൽ ഡ്രോൺ ഉപയോഗിച്ചും തെരച്ചിൽ തുടരും.
ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക ദൗത്യ സംഘവും ഉടൻ സ്ഥലത്തെത്തും. പ്രദേശത്ത് കടുവയ്ക്കു വേണ്ടി കൂട് സ്ഥാപിച്ചിട്ടുണ്ട്. മുത്തങ്ങയിൽ നിന്നുള്ള കുങ്കിയാനകളെയും തെരച്ചിലിനായി സ്ഥലത്തെത്തിക്കും.
കടുവയെ പിടികൂടുന്നതിന്‍റെ ഭാഗമായി പഞ്ചാരക്കൊല്ലിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് തിങ്കളാഴ്ച വരെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
അതേസമയം, മാനന്തവാടിക്ക് പിന്നാലെ വൈത്തിരിയിലും കടുവയെ കണ്ടെന്ന് നാട്ടുകാർ അവകാശപ്പെട്ടത് പുതിയ ആശങ്കയ്ക്കു വഴിവച്ചിട്ടുണ്ട്.
ഇതിനിടെ, വെള്ളിയാഴ്ച രാവിലെ കടുവ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ രാധയുടെ മൃതദേഹം ശനിയാഴ്ച സംസ്കരിക്കും. രാവിലെ 11 മണിക്കായിരിക്കും സംസ്കാര ചടങ്ങുകൾ.