പിണറായി വിജയൻ, മാത‍്യു കുഴൽനാടൻ‌

 
Kerala

''യഥാർഥ പ്രതി പിണറായി വിജയൻ''; മാസപ്പടി കേസ് സിബിഐ അന്വേഷിക്കണമെന്ന് മാത‍്യു കുഴൽനാടൻ

വാർത്താസമ്മേളനത്തിലാണ് മാത‍്യു കുഴൽനാടൻ എംഎൽഎ ആവശ‍്യം മുന്നോട്ടുവച്ചത്

Aswin AM

കോട്ടയം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസ് സിബിഐ അന്വേഷിക്കണമെന്ന് മാത‍്യു കുഴൽനാടൻ‌ എംഎൽഎ. കേസിലെ യഥാർഥ പ്രതി പിണറായി വിജയനാണെന്നും പലതവണ കേരളത്തിന്‍റെ പൊതുസമൂഹത്തോട് താൻ ഇക്കാര‍്യം പറഞ്ഞതായും എംഎൽഎ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പിണറായി വിജയൻ പ്രതിപട്ടികയിൽ വരുന്ന നാളുകൾ അതിവിദൂരമല്ലെന്ന് താൻ ഏതാനും മാസങ്ങൾക്ക് മുൻപ് സൂചിപ്പിച്ചിരുന്നുവെന്നും മാസപ്പടി പോരാട്ടം ഒട്ടും എളുപ്പമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിണറായി വിജയന്‍റെ കുടുംബം സമ്പാദിച്ച അഴിമതി പണത്തിന്‍റെ വലിയൊരു പങ്ക് ഇന്ന് വിദേശത്താണെന്നും വിദേശത്തേക്ക് പണം കടത്തിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

'ആവർത്തിച്ച് ആവർത്തിച്ച് ഈ വിഷയം വന്നപ്പോഴെല്ലാം സ്വന്തം പാർട്ടിയോടും കേരളത്തിലെ ജനങ്ങളോടും സമൂഹത്തോടും പച്ച കള്ളം പറഞ്ഞയാളാണ് പിണറായി വിജയൻ. ഞാൻ ആദ‍്യമായി ഈ വിഷയം നിയസഭയിൽ ഉന്നയിച്ചപ്പോൾ പിണറായി വിജയൻ എനിക്കെതിരേ പ്രയോഗിച്ച വാചകം എന്നു പറയുന്നത് മാത‍്യു കുഴൽനാടൻ പച്ചകള്ളമാണ് പറയുന്നതെന്നാണ്. പക്ഷേ ഒരുകാലത്തിന്‍റെ കാവ‍്യനീതി പോലെ ഇന്ന് പിണറായി വിജയൻ ഇത്രയും കാലം പറഞ്ഞുകൊണ്ടിരുന്നത് പച്ചകള്ളമായിരുന്നുവെന്ന് കേരളം തിരിച്ചറിഞ്ഞ ഒരു സമ‍യവും ദിവസവുമാണ് ഇന്ന്. മാസപ്പടി വിഷയവുമായി ബന്ധപ്പെട്ട പോരാട്ടവുമായി മുന്നോട്ടു പോയപ്പോൾ എനിക്കെതിരേ വലിയ വേട്ടയാടലുണ്ടായി. എന്നെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ശ്രമിച്ചിട്ടുണ്ട്. എനിക്കെതിരേ ഒരുനിര കേസുകൾ അവരെടുത്തിട്ടുണ്ട്. എനിക്കെതിരേ വിജിലൻസ് കേസ് പിണറായി വിജയൻ എടുത്തിരുന്നു. കരിമണൽ കമ്പനിക്കു വേണ്ടി ധാരാളം കാര‍്യങ്ങൾ ചെയ്തുകൊടുത്ത പിണറായി വിജയന് നൽകേണ്ട പാരിതോഷികമാണ് അല്ലെങ്കിൽ നൽകേണ്ട പണമാണ് എക്സാലോജിക് എന്ന കമ്പനിയുടെ പേരിലും വീണ വിജയനെന്ന പിണറായി വിജയന്‍റെ മകളുടെ പേരിലും ആ കമ്പനി നൽകിയത്. മാത‍്യു കുഴൽനാടൻ‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ, മുൻ മന്ത്രിയും എംഎൽഎയുമായ പി.എ. മുഹമ്മദ് റിയാസ്, ടി. വീണ എന്നിവർക്കെതിരേ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യാനാണ് ഇഡി ഡിജിപിക്ക് കത്ത് നൽകിയത്.

കേസിലെ നിർണായക തെളിവുകളടക്കം കൈമാറിക്കൊണ്ടാണ് ഡിജിപിക്ക് കത്ത് ലഭിച്ചിരിക്കുന്നത്. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനാണ് കത്തിലെ പ്രധാന നിർദേശം. പിണറായി വിജയൻ 3.28 കോടിരൂപ കൈക്കൂലി വാങ്ങിയെന്നാണ് ഇഡി റിപ്പോർട്ടിൽ പരാമർശിക്കുന്നത്. മകൾ വഴിയായിരുന്നു ഇടപാടുകളെന്നും മരുമകൻ റിയാസ് ഇത് ദുബായിലേക്ക് കടത്തിയെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്

ഏഷ‍്യൻ ഗെയിംസിൽ മെഡൽ നേടുന്ന മലയാളി താരങ്ങൾക്ക് വമ്പൻ തുക പാരിതോഷികം പ്രഖ‍്യാപിച്ച് കായിക മന്ത്രി

ഗുരുതരമായ അഴിമതി ആരോപണം, പിണറായി വിജയന്‍റെ എല്ലാ വാദങ്ങളും പൊളിഞ്ഞു; ഇഡി നടപടിയിൽ എൻ.കെ. പ്രേമചന്ദ്രൻ എംപി

ഓസീസിനെതിരായ ഏകദിന പരമ്പര; 'ബേബി ഏബിഡി'യെ ഒഴിവാക്കി ദക്ഷിണാഫ്രിക്ക

കൊടും ചൂടും കൂരിരുട്ടും, ആഹാ... എന്താ ചേർച്ച; കേരളത്തിൽ 'power cut' തുടരും