കോഴിക്കോട്: കോഴിക്കോട് ട്രേഡ് സെന്‍ററിലെ ന്യൂ ഇയർ ആഘോഷങ്ങൾക്ക് അനുമതി നിഷേധിച്ച കോർപ്പറേഷൻ സ്റ്റോപ്പ് മെമ്മോ ഹൈക്കോടതി സ്റ്റേ ചെയ്തു. തണ്ണീർത്തടം നികത്തലുമായി ബന്ധപ്പെട്ട പരാതികൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലായിരുന്നു കോർപ്പറേഷൻ ഈ പരിപാടിക്ക് അനുമതി നിഷേധിച്ചത്.
കൂടാതെ പരിപാടി നടത്താനാവശ്യമായ രേഖകളും മറ്റും ട്രേഡ് സെന്‍ററിന് കോർപ്പറേഷന് സമർപ്പിക്കാൻ സാധിച്ചിട്ടില്ല എന്നും, ട്രേഡ് സെന്‍ററിന്‍റെ കെട്ടിടം അനധികൃത നിർമാണമെന്നും വിലയിരുത്തിയിരുന്നു.
ഇത്തരമൊരു പരാതി നിലനിൽക്കുന്ന സാഹചാര്യത്തിൽ സംഘർഷാവസ്ഥ ഒഴിവാക്കനാണ് പരിപാടികൾ നിഷേധിച്ചതെന്നാണ് കോഴിക്കോട് മേയർ പറഞ്ഞത്.
പുതുവത്സര ആഘോഷത്തിന്‍റെ ഭാഗമായി അവിയൽ ബാൻഡിന്‍റെ ഉൾപ്പെടെ സംഗീത പരിപാടിയാണ് ചൊവ്വാഴ്ച ട്രേഡ് സെന്‍ററിൽ നടത്താനിരുന്നത്. അവസാന നിമിഷം പരിപാടി തടഞ്ഞത് അനീതിയാണ് എന്ന് കാണിച്ച് സംഘാടകരായ ഫോര്‍ച്യൂണ്‍ ബക്കറ്റ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതു പരിഗണിച്ചാണ് കോടതി സ്റ്റോപ്പ് മെമ്മോ സ്റ്റേ ചെയ്തത്.