എം.ബി. സന്തോഷ്
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്നുക്ഷാമം രൂക്ഷം. കേരള മെഡിക്കൽ സർവീസസ് കോർപറേഷന്‍റെ (KMSCL) കെടുകാര്യസ്ഥത മൂലമാണിത്. 600 കോടിയോളം രൂപ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുൾപ്പെടെ മുൻകൂറായി കിട്ടിയിട്ടും മരുന്ന് വിതരണം നടത്താനാവാത്ത സ്ഥിതിയാണ്.
അതേസമയം, 80 കോടിയോളം രൂപയുടെ കാലാവധി കഴിഞ്ഞ മരുന്നുകൾ 'കാരുണ്യ' ഫാർമസികളിൽ കെട്ടിക്കിടക്കുന്നത് ബന്ധപ്പെട്ട മരുന്നു കമ്പനികൾക്ക് കൈമാറിയാൽ തന്നെ ഉടൻ പകരം മരുന്നോ പണമോ ലഭിക്കുമെന്നിരിക്കെ അതിനും നടപടിയില്ല. ആശുപത്രികളിൽ സൗജന്യ മരുന്നു വിതരണത്തിന് ബജറ്റിൽ പ്രഖ്യാപിച്ച തുക സർക്കാർ നൽകാത്തതും സ്ഥിതി പരിതാപകരമാക്കി.
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മരുന്നു ക്ഷാമം ഗുരുതരാവസ്ഥയിലായിട്ടില്ലെന്ന് ആശുപത്രികളിൽ നിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതിനു കാരണം, അവിടങ്ങളിൽ തദ്ദേശ സ്ഥാപനങ്ങൾ മുഖേനയും സാന്ത്വന, വയോജന, അതിദാരിദ്ര്യ, സാംക്രമികേതര രോഗങ്ങൾക്കുള്ള (എൻസിഡി) ഫണ്ട് ഉൾപ്പെടെയുള്ളവയിൽ നിന്നുമുള്ള മരുന്നുകൾ കൃത്യമായി വിതരണം ചെയ്യുന്നതിനാലാണ്. എസ്എടി ഹെൽത്ത് എജ്യുക്കേഷൻ സൊസൈറ്റിയുടെ ഇൻഹൗസ് ഡ്രഗ് ബാങ്കിനാണ് (ഐഎച്ച്ഡിബി) ഈ ജില്ലകളിൽ ഈ മരുന്നുകൾ വിതരണം ചെയ്യുന്നതിനുള്ള ചുമതല.
മറ്റ് ജില്ലകളിൽ ഈ ചുമതലയും കെഎംഎസ്‌സിഎല്ലിനാണ്. സർക്കാർ മരുന്നു വിതരണം അവതാളത്തിലാക്കിയ അവർ ഇതിന് മുൻകൂറായി കിട്ടിയ പണം വകമാറ്റി. അതോടെ, തദ്ദേശ സ്ഥാപനങ്ങളുൾപ്പെടെ മുൻകൂറായി നൽകിയിട്ടും മരുന്നില്ലാത്തതിന്‍റെ പഴി കേൾക്കേണ്ട അവസ്ഥയിലാണ്.
ഇതിനിടെ, ആരോഗ്യമന്ത്രി വീണാ ജോർജിനേയും കെഎംഎസ്‌സിഎൽ അധികൃതർ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് വിവരം. കോഴിക്കോട് മരുന്ന് ക്ഷാമത്തിന് "കാരുണ്യ'യിൽ നിന്ന് മരുന്ന് നൽകുമെന്നാണ് മന്ത്രി അറിയിച്ചത്. അവിടെ അടിയന്തരമായി വേണ്ട 140 ഇനം മരുന്നുകളിൽ കാരുണ്യയിൽ എല്ലായിടത്തുമായി 40 ഇനമേയുള്ളൂ. അതുതന്നെ 2 ദിവസത്തേക്കുള്ളതേ സ്റ്റോക്കുള്ളൂ.
കെഎംഎസ്‌സിഎല്ലിന്‍റെ നിയന്ത്രണത്തിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ പ്രവർത്തിക്കുന്ന 70 "കാരുണ്യ' ഫാർമസികളിലും മിക്ക മരുന്നുകളും കിട്ടാനില്ല. വിലക്കുറവു കാരണം പാവപ്പെട്ടവരുടെ ആശ്രയമായിരുന്ന ഈ മരുന്നു കടകൾ മികച്ച ലാഭമാണ് കെഎംഎസ്‌സിഎല്ലിന് നേടിക്കൊടുത്തിരുന്നത്. 2016-17 ൽ 184 കോടി വിറ്റുവരവുണ്ടായിരുന്ന ഇവയിലെ വിറ്റുവരവ് 2019-20ൽ 391 കോടിയായി ഉയർന്നിരുന്നു.
മരുന്നില്ലാതായത് പൊടുന്നനെയായിരുന്നില്ല. കുടിശിക നൽകാത്തതിനാൽ പ്രമുഖ 20 കമ്പനികൾ 6 മാസമായി കെഎംഎസ്‌സിഎല്ലിന് മരുന്ന് നൽകുന്നത് നിർത്തിവച്ചിരുന്നു. സംസ്ഥാനത്ത് ആവശ്യമുള്ള മരുന്നുകളുടെ 90 ശതമാനവും ഈ 20 കമ്പനികളിൽ നിന്നാണ് ലഭിക്കുന്നത്. എന്നിട്ടും ഗൗരവം തിരിച്ചറിഞ്ഞ് അടിയന്തര നടപടി എടുക്കുന്നതിൽ കെഎംഎസ്‌സിഎൽ പരാജയപ്പെട്ടതാണ് നിലവിലുള്ള പ്രതിസന്ധിക്കു കാരണം. മുൻകൂറായി ലഭിച്ച പണമെങ്കിലും കാര്യക്ഷമമായി വിനിയോഗിച്ചിരുന്നെങ്കിൽ പ്രതിസന്ധി ഉണ്ടാവുമായിരുന്നില്ല.