ബിന്ദുവിന്‍റെ വീട് എൻഎസ്എസിന്‍റെ നേതൃത്വത്തിൽ പൂർത്തിയാക്കുമെന്ന് മന്ത്രി ആർ. ബിന്ദു; കരാർ കൈമാറി
കോട്ടയം: മെഡിക്കൽ കോളെജ് ആശുപത്രി കെട്ടിടഭാഗം ഇടിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിന്‍റെ കുടുംബത്തിന് വീട് എൻഎസ്എസ് യൂണിറ്റുകൾ ചേർന്ന് പൂർത്തീകരിച്ചു നൽകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. തലയോലപ്പറമ്പ് ഉമ്മാം കുന്നിലുള്ള ബിന്ദുവിന്‍റെ വീട് സന്ദർശിച്ച മന്ത്രി ഇതു സംബന്ധിച്ച കരാർ കരാറുകാരൻ അജിക്ക് കൈമാറി.
സി.കെ. ആശ എംഎൽഎ, എൻഎസ്എസ് സംസ്ഥാന ഓഫീസർ ഡോ. ആർ.എൻ. അൻസാർ, എൻഎസ്എസ് മഹാത്മാഗാന്ധി സർവകലാശാലാ കോ- ഓർഡിനേറ്റർ ഡോ. ഇ.എൻ. ശിവദാസ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ഇവർക്ക് 3 പേർക്കുമാണ് നിർമാണത്തിന്‍റെ മേൽനോട്ടച്ചുമതല.
12.80 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിരിക്കുന്നത്. അടുത്ത ദിവസം തന്നെ നിർമാണം ആരംഭിക്കും. 50 ദിവസത്തിനകം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. എൻഎസ്എസ് വിദ്യാർഥികൾ സമാഹരിക്കുന്ന തുകയ്ക്കൊപ്പം സുമനസുകളും സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ചൊവ്വാഴ്ച രാവിലെ ബിന്ദുവിന്‍റെ വീട്ടിലെത്തിയ മന്ത്രി, അമ്മ സീതാലക്ഷ്മി, ഭർത്താവ് വിശ്രുതൻ, മകൻ നവനീത് എന്നിവരെ കണ്ട് സർക്കാർ എല്ലാ സഹായവും ലഭ്യമാക്കുമെന്ന് അറിയിച്ചു. മകൾ നവമിയുടെ ചികിത്സ നല്ല രീതിയിൽ പൂർത്തിയാക്കുമെന്നും മന്ത്രി കുടുംബാംഗങ്ങളെ അറിയിച്ചു.