ആശാ നാഥ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി കാൽ തൊട്ട് നമസ്കരിച്ചതിന്‍റെ ഞെട്ടലിലാണ് ഇപ്പോഴും തിരുവനന്തപുരം ഡപ്യൂട്ടി മേയർ ആശാ നാഥ്. ബിജെപി വേദിയിൽ തിരുവനന്തപുരം കോർപ്പറേഷൻ ഭരണസമിതിയെ അഭിനന്ദിക്കുന്നതിനിടെയാണ് മോദി ആശയെ നമസ്കരിച്ചത്. തിരുവനന്തപുരം മേയൽ വി.വി. രാജേഷ് തന്‍റെ പഴയ സുഹൃത്താണെന്ന് പറഞ്ഞു കൊണ്ട് മോദി അദ്ദേഹത്തെ ആലിംഗനം ചെയ്തിരുന്നു. തൊട്ടു പിന്നാലെയാണ് ഡപ്യൂട്ടി മേയർ ആശ മോദിയുടെ കാൽതൊട്ട് വന്ദിച്ചത്. ഉടൻ തന്നെ മോദിയും തിരികെ കാൽ തൊട്ട് നമസ്കരിക്കുകയായിരുന്നു.
പ്രധാനമന്ത്രിയിൽ നിന്ന് താനൊരിക്കലും അത്തരമൊരു പ്രതികരണം പ്രതീക്ഷിച്ചില്ലെന്ന് ആശ പറയുന്നു. ജീവിതത്തിലെ മറക്കാൻ പറ്റാത്ത നിമിഷമാണ്. കൂടെ ഉണ്ടാകും എന്ന ഉറപ്പാണ് ലഭിച്ചിരിക്കുന്നതെന്ന് ആശ പ്രതികരിച്ചു. അയ്യപ്പ വിഗ്രഹങ്ങളാണ് മോദിക്ക് സമ്മാനമായി നൽകിയത്. പാർട്ടി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖർ, മുൻ കേന്ദ്ര മന്ത്രി വി. മുരളീധരൻ, കെ. സുരേന്ദ്രൻ, എൻഡിഎയിൽ ചേർന്ന ട്വന്‍റി ട്വന്‍റി നേതാവ് സാബു ജേക്കബ്, തുഷാർ വെള്ളാപ്പള്ളി എന്നിവരാണ് വേദിയിൽ ഉണ്ടായിരുന്നത്.