"എന്നെ ഞാനാക്കിയ ആൾ" അമ്മയുടെ മരണത്തിൽ അനുശോചിച്ചും കൂടെ നിന്നവർക്ക് നന്ദി പറഞ്ഞും മോഹൻലാൽ
file image
കൊച്ചി: അന്തരിച്ച അമ്മ ശാന്തകുമാരിയെ അനുസ്മരിച്ചും നന്ദി അറിയിച്ചും നടൻ മോഹൻലാൽ. തന്‍റെ ജീവിതയാത്രയിൽ സ്നേഹവാത്സല്യം കൊണ്ടും സാമീപ്യം കൊണ്ടും എക്കാലവും കരുത്തായിരുന്നു അമ്മയെന്ന് അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചു.
തന്‍റെ ദുഃഖത്തിൽ നേരിട്ടും, അല്ലാതെയും പങ്കുചേർന്ന എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നതായും അദ്ദേഹം കുറിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് മോഹൻലാലിന്‍റെ അമ്മ ശാന്തകുമാരി (90) അന്തരിച്ചത്. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു.
ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെ...
എന്നെ ഞാനാക്കിയ, എന്‍റെ ജീവിതയാത്രയിൽ സ്നേഹവാത്സല്യം കൊണ്ടും സാമീപ്യം കൊണ്ടും എക്കാലവും കരുത്തായിരുന്ന എന്‍റെ പ്രിയപ്പെട്ട അമ്മ വിഷ്ണുപാദം പൂകി. അമ്മയുടെ വിയോഗത്തെ തുടർന്ന്, എന്‍റെ ദുഃഖത്തിൽ നേരിട്ടും, അല്ലാതെയും പങ്കുചേർന്ന എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയപൂർവ്വം നന്ദി അറിയിച്ചുകൊള്ളട്ടെ. വീട്ടിലെത്തിയും, ഫോൺ മുഖാന്തരവും, സമൂഹമാധ്യമങ്ങള്‍ വഴിയും അനുശോചനം രേഖപ്പെടുത്തിയ എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി, സ്നേഹം, പ്രാർത്ഥന..