തിരുവനന്തപുരം: ഉദ്യോഗസ്ഥ തലത്തിൽ അഴിമതി നിലനിൽക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. രാഷ്ട്രീയ അഴിമതികളവസാനിപ്പിച്ച സർക്കാരാണിതെന്നും, എന്നാൽ ഉദ്യോഗസ്ഥ തലത്തിൽ അഴിമതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘‘നവകേരള കാലത്തെ ഭരണനിർവഹണം’’ എന്ന വിഷയത്തിൽ വിമൻസ് കോളെജിൽ നടന്ന സെമിനാർ ഉദ്ഘാടന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താഴേത്തട്ടു മുതൽ മുകളിൽ വരെ അഴിമതിയുണ്ട്. ഭരണ നിർവഹണത്തിൽ വേഗം കുറയാൻ കാരണം ഉദ്യോഗസ്ഥ അഴിമതിയാണെന്നും ഇതുമൂലം ആഗ്രഹം പോലെ കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിനെതിരെ ദേശീയ തലത്തിൽ തെറ്റായ പ്രചരണങ്ങൾ നടക്കുന്നതായും പറഞ്ഞ അദ്ദേഹം ഫ്യൂഡൽ ജീർണതകളിൽ നിന്നുമാണ് സ്ത്രീ വിരുദ്ധത ഉണ്ടാകുന്നതെന്നും അതിന്‍റെ നേർക്കാഴ്ച്ചയാണ് മണിപ്പൂരിൽ പ്രകടമാവുന്നതെന്നും കൂട്ടിച്ചേർത്തു.