ആംബുലൻസുകൾ സജ്ജമാക്കണം, അടിയന്തര ചികിത്സാ സംവിധാനം ഒരുക്കണം; ആശുപത്രിയുമായി ബന്ധപ്പെട്ട് കപ്പൽ കമ്പനി
കോഴിക്കോട്: കേരള തീരത്തിന് സമീപം തീപിടിച്ച എംവി വാൻഹായ് 503 കപ്പൽ കമ്പനി കോഴിക്കോട്ടെ ആശുപത്രിയുമായി ബന്ധപ്പെട്ടതായി വിവരം. അടിയന്തര ചികിത്സ നൽകാനുള്ള സംവിധാനങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ട് ബേബി മെമ്മോറിയൽ ആശുപത്രിയെയാണ് കമ്പനി ഏജന്‍റ് ബന്ധപ്പെട്ടത്. 10 ആംബുലൻസുകൾ ഒരുക്കി നിർത്തണമെന്നും ആവശ്യപ്പെട്ടു. നിലവിൽ കോഴിക്കോട്ടെയും കണ്ണൂരിലെയും ആശുപത്രികൾ സജ്ജമാണ്.
എന്നാൽ പരുക്കേറ്റവരെ എങ്ങോട്ടാണ് എത്തിക്കുക എന്നതിൽ വ്യക്തതയില്ല. കണ്ണൂർ, കോഴിക്കോട്, എറണാകുളം കലക്‌ടർമാർക്ക് സജ്ജീകരണങ്ങൾ ഒരുക്കാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
5 പേർക്ക് തീപിടിത്തത്തിൽ പൊള്ളലേറ്റതായാണ് വിവരം. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നും വിവരമുണ്ട്. കപ്പലിലുണ്ടായിരുന്ന 4 പേരെ കാണാതായിട്ടുണ്ട്. 2 തായ്വാൻ പൗരന്മാരെയും ഒരു ഇൻഡോനേഷ്യൻ പൗരനേയും ഒരു മ്യാൻമാർ പൗരനേയുമാണ് കാണാതായിരിക്കുന്നത്. കപ്പലിൽ വേഗത്തിൽ തീപിടിക്കാൻ സാധ്യതയുള്ള ചരക്കുകളാണ് ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക നിഗമനം. കപ്പലിന്‍റെ തീയണയ്ക്കാനുള്ള ഊർജിത ശ്രമം തുടരുകയാണ്.