സർവീസ് റോഡ് ഡിസംബർ 8 നുള്ളിൽ ഗതാഗത യോഗ്യമാക്കും
കൊല്ലം: കൊല്ലത്ത് തകർന്ന സർവീസ് റോഡ് ഡിസംബർ എട്ടിനുള്ളിൽ ഗതാഗത യോഗ്യമാക്കുമെന്ന് ദേശീയപാത അതോറിറ്റി. മൈലക്കാട് വാഹന ഗതാഗതം നിയന്ത്രിക്കാൻ ട്രാഫിക്ക് വാർഡൻമാരെ നിയമിക്കും. അപകട സാധ്യത ഉള്ള മറ്റ് സ്ഥലങ്ങളിൽ സംയുക്ത സംഘം പരിശോധന നടത്തുമെന്നും ദേശീയപാത അതോറിറ്റി അറിയിച്ചു. ഇതിന് ശേഷം എൻഎച്ച്എഐയുടെ വിദഗ്ധ സംഘം പരിശോധന നടത്തും.
വെള്ളിയാഴ്ച കൊല്ലം കൊട്ടിയത്താണ് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാഴ്ന്ന് അപകടം ഉണ്ടായത്.
സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് കത്തയച്ചിരുന്നു. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരിക്കാണ് കത്തയച്ചത്. വിഷയത്തില്‍ കേന്ദ്രത്തിന്‍റെ അടിയന്തിരമായ ഇടപെടലും നടപടിയും ഉണ്ടാകണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. ദേശീയപാത 66ന്‍റെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനൊപ്പം ഗുണനിലവാരവും സുരക്ഷാക്രമീകരണങ്ങളും ഉറപ്പുവരുത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.