എന്‍സിപി ജീവിക്കുന്നത് സാധാരണക്കാരുടെ ഹൃദയത്തിൽ: സുബോദ് മൊഹീതേ പാട്ടീല്‍
കോട്ടയം: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി(എൻസിപി) സാധാരണക്കാരുടെ ഹൃദയത്തിലാണ് ജീവിക്കുന്നതെന്നും നാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കുന്നതിനാണ് എന്‍സിപി മുന്‍തൂക്കം നല്‍കുന്നതെന്നും മുന്‍ കേന്ദ്രമന്ത്രിയും എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറിയുമായ സുബോദ് മൊഹീതേ പാട്ടീല്‍. കോട്ടയത്ത് നടന്ന സമാജ് വാദി പാര്‍ട്ടി - എന്‍സിപി ലയന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാരാഷ്ട്രയില്‍ എന്‍സിപി, എന്‍ഡിഎ മുന്നണിയുടെ ഭാഗമായി പ്രവര്‍ത്തിക്കുമ്പോഴും കശ്മീര്‍, ഡല്‍ഹി, ബീഹാര്‍ സംസ്ഥാനങ്ങളില്‍ ഒരു മുന്നണിയുടേയും ഭാഗമാകാതെ ജനാഭിലാഷം മുന്‍നിര്‍ത്തിയാണ് ഒറ്റയ്ക്കു നിന്നു മല്‍സരിക്കാന്‍ തയ്യാറായത്. ഇതേ നയം തന്നേയാണ് പാര്‍ട്ടി കേരളത്തിലും സ്വീകരിച്ചിട്ടുള്ളത്. കേരളത്തിന്‍റെ രാഷ്ട്രീയ ചുമതല എന്‍.എ. മുഹമ്മദ്കുട്ടിയുടെ കരങ്ങളില്‍ സുരക്ഷിതമാണ്. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ഒരു തീരുമാനമെടുത്താല്‍ അതു കൃത്യമായി നടപ്പിലാക്കുന്നതിനുള്ള ആര്‍ജവം അദ്ദേഹത്തിനും പാര്‍ട്ടിക്കും ഉണ്ടെന്നും പാട്ടീല്‍ പറഞ്ഞു.
സമാജ് വാദി പാര്‍ട്ടിയുടെ കേരള ഘടകം ദേശീയപാര്‍ട്ടിയായ എന്‍സിപിയില്‍ ലയിച്ചതോടെ കേരളത്തിലെ പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെട്ടിരിക്കുന്നു. സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മറ്റു പാര്‍ട്ടികളും എന്‍സിപിയുടെ ഭാഗമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ശക്തി തെളിയിക്കുമെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്‍റ് എന്‍എ മുഹമ്മദ് കുട്ടി സമ്മേളനത്തില്‍ വ്യക്തമാക്കി. പാര്‍ട്ടി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്‍റ് സജി പോത്തന്‍ തോമസ്, ദേശീയ കമ്മിറ്റി അംഗവും സംസ്ഥാന വൈസ് പ്രസിഡന്‍റുമായ കെ.എ. ജബ്ബാര്‍, ദേശീയ വര്‍ക്കിങ് കമ്മിറ്റി അംഗം പന്തളം മോഹന്‍ദാസ്, പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ റോയി ചെമ്മനം, സംഘടനാ സംസ്ഥാന ജനറല്‍ സെക്രട്ടറി കല്ലറ മോഹന്‍ദാസ്, പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരായ കെ.കെ. ഷംസുദ്ദീന്‍, അഡ്വ. ഷാജി തെങ്ങും പിളളില്‍, അഡ്വ. സൈഫുദ്ദീന്‍, എം.ബി. ജയചന്ദ്രന്‍ കൂട്ടിക്കല്‍, പി.എം. സൈനബ, ബെന്‍ ഇണ്ടിക്കാട്ടില്‍, ഡോ. ശിവാനി ഭായി, കോട്ടയം ജില്ലാ പ്രസിഡന്‍റ് പി.ജി. സുഗുണന്‍ തുടങ്ങിയ നേതാക്കള്‍ പ്രസംഗിച്ചു.