ഗൗതം കൃഷ്ണ
തിരുവനന്തപുരം: കടലിൽ കാണാതായ മകന്‍റെ മൃതദേഹത്തിനായി ഈ അമ്മ കാത്തിരിക്കാൻ തുടങ്ങിയിട്ട് 55 ദിവസമായി. അവസാനം മകന്‍റെ രൂപം മരത്തടിയിൽ കൊത്തിയെടുത്ത് അന്ത്യകർമങ്ങൾ നടത്തിയിരിക്കുകയാണ് അമ്മ. നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയാണ് മകന്‍റെ ആത്മശാന്തിക്കായി കർമങ്ങൾ നടത്തിയത്.
മരത്തടിയിൽ മകന്‍റെ രൂപം കൊത്തിയെടുത്ത്, അത് ചിതയിൽ ദഹിപ്പിച്ചാണ് ചടങ്ങുകൾ പൂർത്തിയാക്കിയത്. മകൻ മടങ്ങിവരുമെന്ന പ്രതീക്ഷകൾ അവസാനിച്ചതോടെയാണ് അന്ത്യകർമങ്ങൾ ചെയ്യാൻ രേഷ്മ തീരുമാനിച്ചത്. വള്ളം മറിഞ്ഞ സമയത്തുതന്നെ കാര്യക്ഷമമായി തെരച്ചിൽ നടത്തിയിരുന്നെങ്കിൽ ഈയൊരു അവസ്ഥ വരില്ലായിരുന്നു എന്നാണ് രേഷ്മ പറയുന്നത്.
ജൂലൈ 31നാണ് ഗൗതം പോയ വള്ളം തിരയിൽപ്പെട്ട് മറിഞ്ഞത്. അപകടത്തിൽ ഗൗതത്തിന്‍റെ അച്ഛൻ രാധാകൃഷ്ണൻ (46) മുത്തച്ഛൻ രാജീവൻ (74) എന്നിവരും മരിച്ചു. ഇവരുടെ രണ്ടുപേരുടെ മൃതദേഹങ്ങളും ലഭിച്ചെങ്കിലും ഗൗതമിനെ കണ്ടെത്താനായില്ല. തെരച്ചിൽ ഊർജിതമല്ലെന്ന് ആരോപിച്ച് ഗൗതമിന്‍റെ അമ്മ രേഷ്മ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചത് വാർത്തയായിരുന്നു. തുടർന്ന് കോസ്റ്റൽ പൊലീസിന്‍റേയും മറൈൻ എൻഫോഴ്സിന്‍റേയും നേതൃത്വത്തിൽ അന്വേഷണം നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല.