മാലിന്യ നിക്ഷേപത്തിന് പുതിയ ആക്ഷൻ പ്ലാൻ Image by pch.vector on Freepik
Kerala

മാലിന്യ നിക്ഷേപത്തിന് പുതിയ ആക്ഷൻ പ്ലാൻ

ആശുപത്രികളിൽ നിന്നടക്കം മാലിന്യം ശേഖരിക്കുന്ന കരാർ കമ്പനികളുടെ മാലിന്യമാണ് ഭൂരിഭാഗവും സംസ്കരിക്കാതെ മറ്റ് സ്ഥലങ്ങളിലും ജലാശയങ്ങളിലും ഉൾപ്പെടെ തള്ളുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്

തിരുവനന്തപുരം: കേരളത്തിൽ നിന്ന് ആശുപത്രിമാലിന്യങ്ങൾ തമിഴ്നാട്ടിൽ നിക്ഷേപിച്ച നടപടി വിവാദമായതോടെ മാലിന്യ നിക്ഷേപത്തിന് പുതിയ ആക്ഷൻ പ്ലാൻ തയാറാക്കി സർക്കാർ. ആശുപത്രികളിൽ നിന്നടക്കം മാലിന്യം ശേഖരിക്കുന്ന കരാർ കമ്പനികളുടെ മാലിന്യമാണ് ഭൂരിഭാഗവും സംസ്കരിക്കാതെ മറ്റ് സ്ഥലങ്ങളിലും ജലാശയങ്ങളിലും ഉൾപ്പെടെ തള്ളുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനാൽ ഇവരുടെ പ്രവർത്തനം നിരീക്ഷിക്കും.

അതേസമയം, വീടുകളിലെ മാലിന്യം പുറംതള്ളുന്നത് കാര്യമായി കുറഞ്ഞിട്ടുണ്ടെന്നും തദ്ദേശ വകുപ്പ് വിലയിരുത്തുന്നു. ആക്ഷൻ പ്ലാനിന്‍റെ ഭാഗമായി കൂടുതൽ സജ്ജീകരണം ഏർപ്പെടുത്താനാണ് പദ്ധതി. കൂടുതൽ മാലിന്യം ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങളിൽ പരിശോധന നടത്താൻ തദ്ദേശ സ്ഥാപനങ്ങൾ പ്രത്യേക സ്ക്വാ‌ഡിനെ നിയോഗിക്കണം. ജീവനക്കാർ കുറവുള്ള തദ്ദേശസ്ഥാപനങ്ങളിൽ താത്കാലികമായോ കരാറടിസ്ഥാനത്തിലോ ആൾക്കാരെ നിയോഗിക്കാം. എല്ലാ മാസവും പരിശോധനയുടെ കൃത്യമായ റിപ്പോർട്ട് സമർപ്പിക്കണം.

വീഴ്ച വരുത്തുന്ന ഏജൻസിയോ സ്ഥാപനങ്ങളോ ഉണ്ടെങ്കിൽ പിഴയും നിയമ നടപടികളും സ്വീകരിക്കണമെന്നും നിർദേശമുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ശുചിത്വ മിഷൻ എന്നിവരുടെ നേതൃത്വത്തിൽ പരിശോധനയും ശക്തമാക്കും. കരാർ കമ്പനികളുടെ മാലിന്യ സംസ്കരണ രീതി എങ്ങനെയാണെന്ന് കണ്ടെത്തും.

നൂറ് കിലോയിലധികം ജൈവ മാലിന്യമുണ്ടാകുന്ന കേന്ദ്രങ്ങൾ സ്വന്തമായി മാലിന്യ സംസ്കരണ യൂണിറ്റോ മറ്റ് സംവിധാനങ്ങളോ സജ്ജീകരിക്കണമെന്നാണ് ചട്ടം. ഇതിന് സ്ഥല സൗകര്യമുള്ളവർ കൃത്യമായി ചെയ്യണം. അല്ലാത്തവർ അംഗീകൃത ഏജൻസി മുഖേന മാത്രമേ മാലിന്യം കൈമാറാൻ പാടുള്ളൂ. അംഗീകൃത ഏജൻസിയാണോയെന്ന് തദ്ദേശ സ്ഥാപനം നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തണം.

നൂറ് കിലോയിലധികം ജൈവ മാലിന്യമുണ്ടാകുന്ന കേന്ദ്രങ്ങളാണ് ബൾക്ക് വേസ്റ്റ് ജനറേറ്റേഴ്സ് വിഭാഗത്തിലുള്ളത്. ഫ്ലാറ്റുകൾ, വ്യാപാര കേന്ദ്രങ്ങൾ, സ്കൂളുകൾ, കോളെജുകൾ, ഐടി കമ്പനികൾ, ഹോട്ടലുകൾ, ഓഡിറ്റോറിയം, ഷോപ്പിങ് കോംപ്ലക്സ്, ഹോസ്റ്റലുകൾ തുടങ്ങിയവയാണ് ഈ വിഭാഗത്തിലുള്ളത്. ഇവരുടെ പട്ടിക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തയാറാക്കും.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു