കാലവർഷത്തിലും നിലമ്പൂരിൽ തീ പാറും

 
Kerala

കാലവർഷത്തിലും നിലമ്പൂരിൽ തീ പാറും

തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കേ ഈ ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മിനും കോൺഗ്രസിനും ജയിച്ചേ തീരൂ

Namitha Mohanan

എം.ബി. സന്തോഷ്

തിരുവനന്തപുരം: കാലവർഷം സംസ്ഥാനത്തൊട്ടാകെ കലി തുള്ളുമ്പോൾ 25 ദിവസം മാത്രം അകലെ അപ്രതീക്ഷിതമായി ഞായറിന്‍റെ അവധി ദിനത്തിൽ പൊട്ടി വീണ നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മുന്നണികളിൽ ഇടിമിന്നൽ.

തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കേ ഈ ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മിനും കോൺഗ്രസിനും ജയിച്ചേ തീരൂ. യുഡിഎഫിന്‍റെ സ്ഥാനാർഥി ജയിച്ചില്ലെങ്കിൽ രാജിവച്ച് ഉപതെരഞ്ഞെടുപ്പിന് വഴിയൊരുക്കിയ സിപിഎം സ്വതന്ത്രനും ഇപ്പോൾ തൃണമൂൽ കോൺഗ്രസ് നേതാവുമായ പി.വി. അൻവർ കേരള രാഷ്‌ട്രീയത്തിൽ അപ്രസക്തനാവും. ബിജെപി പുതിയ പരീക്ഷണത്തിലൂടെ പ്രസിഡന്‍റിനെ തെരഞ്ഞെടുത്ത സാഹചര്യത്തിൽ വോട്ടുവിഹിതം ഉയർത്തിയേ മതിയാവൂ.

കോൺഗ്രസിന്‍റെ ഉറച്ച കോട്ടയാണെങ്കിലും കഴിഞ്ഞ രണ്ടു തവണയായി യുഡിഎഫിൽ വിള്ളലുണ്ടാക്കി വിജയിച്ച അൻവറിലൂടെ നിലമ്പൂരിൽ എൽഡിഎഫ് കൊടി പാറിക്കുകയായിരുന്നു. അൻവർ കൂടി യുഡിഎഫിന് അനുകൂലമാവുമ്പോൾ കോൺഗ്രസിനും യുഡിഎഫിനും ഏറ്റവും മെച്ചപ്പെട്ട രാഷ്‌ട്രീയ കാലാവസ്ഥയാണ്. ഭരണവിരുദ്ധ വികാരം കൂടിയാവുമ്പോൾ വമ്പൻ ഭൂരിപക്ഷമാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്. നിലമ്പൂരിൽ പ്രിയങ്ക ഗാന്ധിക്ക് പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ കിട്ടിയ 65,132 വോട്ടിനടുത്ത് യുഡിഎഫിന് ഭൂരിപക്ഷം ഉണ്ടായിക്കൂടെന്നില്ലെന്നും അവർ പ്രതീക്ഷിക്കുന്നു.

രണ്ടാം പിണറായി സർക്കാരിന്‍റെ നാലാം വാർഷികം പിന്നിട്ട ഉടനെ പ്രഖ്യാപിച്ച തെരഞ്ഞെടുപ്പിൽ നിലമ്പൂർ നിലനിർത്തിയാൽ മൂന്നാം തുടർഭരണം എന്ന മുദ്രാവാക്യം കേരളത്തിന്‍റെ മുന്നിൽ ഉറപ്പിക്കാനാവുമെന്നാണ് സിപിഎം പ്രതീക്ഷ. കോണ്‍ഗ്രസ് കുത്തക പൊളിച്ചത് സിപിഎമ്മിന്‍റെ പ്രവര്‍ത്തനഫലമായാണെന്നും അൻവർ എന്ന സ്ഥാനാർഥിയുടെ വ്യക്തിപരമായ മികവല്ല എന്ന് തെളിയിക്കാനും സിപിഎമ്മിന് ജയം അനിവാര്യം.

ബിജെപിക്ക് കാര്യമായ വോട്ടുവിഹിതമില്ലാത്ത മണ്ഡലമാണ് നിലമ്പൂർ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 8,595 വോട്ടാണ് കിട്ടിയത്. ഇക്കുറി വോട്ടുവിഹിതം ഗണ്യമായി വർധിപ്പിച്ചാൽ പുതിയ സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖറിന് തലയുയർത്തി നിൽക്കാം. എന്നാൽ, വോട്ടു വിഹിതം കുറഞ്ഞാൽ തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തിരിച്ചടിയാവുമെന്നതിനാൽ ഒരു വർഷം പോലും കാലാവധിയില്ലാത്ത എംഎൽഎയെ തെരഞ്ഞെടുക്കാനാണ് അടിച്ചേല്പിച്ച തെരഞ്ഞെടുപ്പ് എന്ന പ്രചാരണമുയർത്തി മത്സര രംഗത്തു നിന്ന് പിന്മാറുന്നതാണ് ഉചിതമെന്ന അഭിപ്രായവും ബിജെപിയിലുണ്ട്.

കോൺഗ്രസിന് വെല്ലുവിളിയാവുമെന്ന് കരുതുന്നത് സ്ഥാനാർഥി നിർണയമാണ്. നിലമ്പൂരിൽ ഏറ്റവും കൂടുതൽ കാലം എംഎൽഎയായിരുന്ന ആര്യാടൻ മുഹമ്മദിന്‍റെ മകനും കെപിസിസി സെക്രട്ടറിയുമായ ആര്യാടൻ ഷൗക്കത്തും മലപ്പുറം ഡിസിസി പ്രസിഡന്‍റ് വി.എസ്. ജോയിയുമാണ് സ്ഥാനാർഥി പട്ടികയിൽ മുന്നിലുള്ളത്. ജോയിക്കു വേണ്ടി അൻവർ പരസ്യമായി രംഗത്തുവന്നിരുന്നു. കോൺഗ്രസിലെ സ്ഥാനാർഥി നിർണയത്തിലെ അസംതൃപ്തി കണക്കിലെടുത്താവും സിപിഎമ്മിന്‍റെ സ്ഥാനാർഥി പ്രഖ്യാപനം. മലപ്പുറം ജില്ലാ രൂപീകരണത്തിനുശേഷം നിലമ്പൂരിൽ ടി.കെ. ഹംസ മുതൽ അൻവർ വരെ ഇടതു വിജയികൾ സ്വതന്ത്രരായിരുന്ന സാഹചര്യത്തിൽ ഇക്കുറിയും ആ പരീക്ഷണത്തിന് സാധ്യത ഏറെയാണ്.

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ മുന്നൊരുക്കം ഏകോപിപ്പിക്കാനുള്ള ചുമതല കെപിസിസി വർക്കിങ് പ്രസിഡന്‍റായി നിയോഗിക്കപ്പെട്ട എ.പി. അനില്‍കുമാറിനാണ്. സിപിഎമ്മിന്‍റെ പ്രവര്‍ത്തനങ്ങളുടെ ചുമതല സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജിനാണ് നല്‍കിയിട്ടുള്ളത്. അടുത്ത കേരള ഭരണത്തിന്‍റെ സൂചനകൾ ഈ തെരഞ്ഞെടുപ്പിലൂടെ ലഭിക്കുമെന്നതിനാൽ തന്നെ നിലമ്പൂർ നിലനിർത്താൻ സി പി എമ്മും പിടിച്ചെടുക്കാൻ കോൺഗ്രസും 25 ദിവസത്തിനുള്ളിൽ ആവനാഴിയിലെ അസ്ത്രങ്ങളെല്ലാം എടുത്ത് പ്രയോഗിക്കുമെന്നതിനാൽ കാലവർഷത്തിലും തീ പാറുന്ന പോരാട്ടത്തിനാവും നിലമ്പൂർ സാക്ഷ്യം വഹിക്കുക.

തദ്ദേശ തെരഞ്ഞെടുപ്പ്; ഫലമറിയാൻ മണിക്കൂറുകൾ മാത്രം, വോട്ടെണ്ണൽ രാവിലെ 8 മുതൽ

പ്രതികളെല്ലാം വിയ്യൂരിലേക്ക്; ജയിൽ മാറ്റം വേണമെങ്കിൽ പ്രത്യേകം അപേക്ഷിക്കാം

2027 സെൻസസിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കേന്ദ്ര വിവരാവകാശ കമ്മിഷണറായി പി.ആർ. രമേശ്; പദവിയിലെത്തുന്ന ആദ്യ മലയാളി

"കേരളവും സര്‍ക്കാരും അവള്‍ക്കൊപ്പം''; ഐഎഫ്എഫ്കെ ഉദ്ഘാടനം ചെയ്ത് സജി ചെറിയാൻ