ആര്യാടൻ ഷൗക്കത്ത്, എം. സ്വരാജ്, പി.വി. അൻവർ

 
Kerala

കലാശക്കൊട്ടിനൊരുങ്ങി നിലമ്പൂർ; ക്ഷേമ പെൻഷൻ ആയുധമാക്കാൻ ഇരുമുന്നണികളും

നിലമ്പൂരിൽ പരസ്യ പ്രചാരണത്തിനു ചൊവ്വാഴ്ച തിരശീല വീഴും. ആവേശം അലതല്ലുന്ന കൊട്ടിക്കലാശം കഴിഞ്ഞ് ബുധനാഴ്ച നിശബ്ദ പ്രചാരണം. വ്യാഴാഴ്ച നിലമ്പൂർ ബൂത്തിലേക്ക്

ശരത് ഉമയനല്ലൂർ

തിരുവനന്തപുരം: നാടുനീളെയുള്ള അനൗൺസ്മെന്‍റുകൾക്കും കാടിളക്കിയുള്ള സ്ഥാനാർഥി പര്യടനങ്ങൾക്കും വിട, നിലമ്പൂരിൽ പരസ്യ പ്രചാരണത്തിനു ചൊവ്വാഴ്ച തിരശീല വീഴും. ആവേശം അലതല്ലുന്ന കൊട്ടിക്കലാശം കഴിഞ്ഞ് ബുധനാഴ്ച നിശബ്ദ പ്രചാരണം. വ്യാഴാഴ്ച നിലമ്പൂർ ബൂത്തിലേക്ക്. വോട്ടർ പട്ടികയുമായി രണ്ടു ദിവസം കൂടി വീടുകൾ കയറിയിറങ്ങാൻ അവസരമുണ്ട്.

മുന്നണികളിലെ പ്രമുഖ നേതാക്കളെല്ലാം നിലമ്പൂരിൽ ക്യാമ്പ് ചെയ്യുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി എന്നിവരടക്കം നിലമ്പൂരിലുണ്ട്. വിവിധ ജില്ലകളിലെ എംഎൽഎമാർ, ജില്ലാ സെക്രട്ടറിമാർ തുടങ്ങിയവരും എം. സ്വരാജിനു വേണ്ടി സജീവമായി രംഗത്തുണ്ട്.

വയനാട് എംപിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം മണ്ഡലത്തില്‍ ആര്യാടൻ ഷൗക്കത്തിനു വേണ്ടി റോഡ് ഷോ നടത്തി. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, രമേശ് ചെന്നിത്തല, ആര്‍എസ്പി നേതാവ് എന്‍.കെ. പ്രേമചന്ദ്രന്‍ തുടങ്ങി യുഡിഎഫിലെ പ്രമുഖ നേതാക്കളും മണ്ഡലത്തില്‍ നിറഞ്ഞു നിൽക്കുന്നു.

കേന്ദ്രമന്ത്രി സുരേഷ് ഗോപി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയ നേതാക്കള്‍ എൻഡിഎ സ്ഥാനാർഥിക്കായി നിലമ്പൂരില്‍ എത്തിയിരുന്നു. പി.വി. അൻവറിനായി തൃണമൂൽ കോൺഗ്രസ് എംപിയും ക്രിക്കറ്റ് താരവുമായ യൂസഫ് പഠാനും റോഡ് ഷോയിൽ പങ്കെടുത്തു.

തെരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം ശേഷിക്കേ ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വെള്ളിയാഴ്ച മുതല്‍ വിതരണം ചെയ്യുമെന്നുള്ള 'തുറുപ്പ് ചീട്ട്' സർക്കാർ ഇറക്കി. ഇതിനെതിരേ പ്രതിപക്ഷ മുന്നണിയിൽ നിന്നു വ്യാപക എതിർപ്പുയർന്നിട്ടുണ്ട്. തെരഞ്ഞെടുപ്പുകാലത്തെ കൈക്കൂലിയാണ് ക്ഷേമ പെൻഷനെന്ന എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്‍റെ വിവാദ പരാമർശത്തിന്‍റെ അലയൊലികൾ അടങ്ങിയിട്ടില്ല.

കഴിഞ്ഞ ദിവസം മണ്ഡലത്തിലെത്തിയ പ്രിയങ്കഗാന്ധിയും ഈ പെൻഷൻ പോലും രാഷ്ട്രീയവത്കരിച്ചുവെന്നും പെൻഷൻ സമയത്ത് കൊടുക്കണമെന്നും തെരഞ്ഞെടുപ്പ് നോക്കിയാണ് പെൻഷൻ കൊടുക്കുന്നതെന്നും പറഞ്ഞിരുന്നു. 19ന് തെരഞ്ഞെടുപ്പ് കഴിഞ്ഞ് തൊട്ടടുത്ത ദിവസം പെൻഷൻ നൽകുമെന്ന് ധനമന്ത്രി പറഞ്ഞത്. രണ്ട് മാസത്തെ പെന്‍ഷന്‍ കുടിശികയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ പിടിച്ച് ഇനിയുള്ള രണ്ടു ദിവസം പ്രചാരണം കൊഴുപ്പിക്കാനാണ് എൽഡിഎഫ് ശ്രമം.

''തീയതി പറയേണ്ട കാര്യമുണ്ടോ, നൽകിയാൽ പോരേ?'' എന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇതിനോടു പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് തീയതി സർക്കാർ മുൻകൂട്ടി പ്രഖ്യാപിച്ചത് പാവങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണെന്നും സതീശൻ.

കഴിഞ്ഞ ദിവസങ്ങളിലെ മുഖ്യമന്ത്രിയുടെ ജമാത്ത ഇസ്ലാമി പരാമർശത്തിൽ പ്രതിപക്ഷ നേതാക്കളും ജമാത്ത ഇസ്ലാമി ഭാരവാഹികളും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ ഞായറാഴ്ചയും മുഖ്യമന്ത്രിയുടെ പരാമർശമുണ്ടായിരുന്നു. കേരളത്തിലെ എല്ലാ മുസ്ലിം സംഘടനകളും അകറ്റിനിര്‍ത്തിയ ഒന്നാണ് ജമാഅത്തെ ഇസ്ലാമിയെന്നും മുഖ്യമന്ത്രി പറഞ്ഞു

കലാശക്കൊട്ടുമായി ബന്ധപ്പെട്ട ക്രമസമാധാന പരിപാലനത്തിനും ട്രാഫിക് ക്രമീകരണത്തിനുമായി മലപ്പുറം ജില്ലാ പൊലീസ് മേധാവി അർ. വിശ്വനാഥിന്‍റെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഗതാഗത തടസം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വാഹനങ്ങൾ ആവശ്യമെങ്കിൽ വഴി തിരിച്ചു വിടുന്നതിനുള്ള ക്രമീകരണങ്ങളും ഏർപ്പാടാക്കി‌. കൂടാതെ ക്രമസമാധാനം സസൂക്ഷ്മം നിരീക്ഷിക്കുന്നതിനും മറ്റുമായി ഓരോ പ്രധാനപ്പെട്ട സ്ഥലങ്ങളിലും വെവ്വേറെ എക്സിക്യൂട്ടീവ് മജിസ്റ്റ്ട്രേറ്റിന്‍റെ സേവനം ഉറപ്പ് വരുത്തിയിട്ടുണ്ട്.

സൗന്ദര്യവർധക വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ നടപടി

ലെജൻഡ്സ് ലീഗ്: ഇന്ത്യ സെമി ഫൈനലിൽനിന്നു പിൻമാറി

112 സേവനം ദുരുപയോഗം ചെയ്താൽ നടപടി

നിലമ്പൂർ - കോട്ടയം എക്പ്രസിന് കൂടുതൽ കോച്ചുകൾ

127 വർഷത്തിനൊടുവിൽ ബുദ്ധന്‍റെ തിരുശേഷിപ്പുകൾ ഇന്ത്യയിൽ തിരിച്ചെത്തി