G Sukumaran Nair File
Kerala

ജാതി സംവരണം അവസാനിപ്പിക്കണം: എൻഎസ്എസ്

സംസ്ഥാന സർക്കാരിന്‍റെ നിലപാടുകൾ വർഗീയ സ്പർധ പടർത്തുന്നു; കേന്ദ്ര, സംസ്ഥാന സർക്കാരുകൾ മുന്നാക്ക വിഭാഗങ്ങളെ അവഗണിക്കുന്നു എന്നും ആരോപണം

ബിനീഷ് മള്ളൂശേരി

കോട്ടയം: ജാതി സംവരണം അവസാനിപ്പിക്കണമെന്നും ജാതിമത ഭേദമന്യേ എല്ലാവരേയും ഒരുപോലെ കാണുന്ന ബദൽ സംവിധാനം വേണമെന്നും നായർ സർവീസ് സൊസൈറ്റി. പെരുന്നയിൽ ചേർന്ന എൻഎസ്എസ് ബജറ്റ് സമ്മേളനത്തിലാണ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ ഈ ആവശ്യം.

കേന്ദ്ര, സംസ്ഥാന സർക്കാരുകൾ മുന്നാക്ക വിഭാഗങ്ങളെ അവഗണിക്കുകയാണ്. ജാതി സെൻസസ് നടത്തി നടപ്പാക്കിയാൽ സംവരണത്തിന്‍റെ പേരിൽ കൂടുതൽ അഴിമതിക്ക് വഴി തെളിയും. ഇരു സർക്കാരുകളും മുന്നാക്ക സമുദായങ്ങൾക്ക് നീതി നൽകാതെ അകറ്റി നിർത്തുകയാണെന്നും ബജറ്റ് അവതരിപ്പിച്ച ശേഷം നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന്‍റെ നിലപാടുകൾ വർഗീയ സ്പർധ പടർത്തുന്നതാണ്. തെരഞ്ഞെടുപ്പ് പരാജയത്തിൽ നിന്ന് പാഠം പഠിച്ചില്ലെങ്കിൽ ഇനിയും തിരിച്ചടികളുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ മാതൃകാപരമായ സേവനം നടത്തുന്ന സംഘടനയാണ് എൻഎസ്എസ്. എന്നാൽ സ്കൂൾ, കോളെജുകളുടെ പ്രവർത്തനം സുഗമമായി നടത്താവുന്ന സാഹചര്യമല്ല. എയ്ഡഡ് സ്കൂളുകളിലെ നിയമന കാര്യങ്ങളിലെ ഉദ്യോഗസ്ഥരുടെ അലംഭാവം പൊറുക്കാനാവില്ല.

അഴിമതിക്കെതിരേ നടപടിയെടുക്കാതെ എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ മനഃപൂർവം തകർക്കുകയാണ്. ഇത് ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കാനാവില്ല.

വോട്ട് ബാങ്കുകളായ ജാതി വിഭാഗങ്ങളെ പ്രീണിപ്പിക്കുന്നതിനാണ് ജാതി സംവരണവും ജാതി സെൻസസും കൊണ്ടുവരുന്നത്. രാജ്യത്തിന്‍റെ അഖണ്ഡതയ്ക്ക് വെല്ലുവിളി ഉയർത്തുന്നതാണ് ജാതി സംവരണം. വോട്ട് രാഷ്‌ട്രീയത്തിനാണ് ജാതീയമായി വിഭജിക്കുന്ന ഈ സംവരണം. അത് അവസാനിപ്പിച്ച് ജാതിമത വത്യാസമില്ലാത്ത ബദൽ സംവിധാനം നടപ്പാക്കണമെന്നും ജി. സുകുമാരൻ നായർ വ്യക്തമാക്കി.

കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി; വീണ്ടും വോട്ടെണ്ണാൻ നിർദേശം

പാലക്കാട്ട് യുവതി തൂങ്ങിമരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായകൾക്ക് ജീവപര്യന്തം തടവ്; ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ

സമരങ്ങൾ തടഞ്ഞാൽ തലയടിച്ച് പൊട്ടിക്കും; പൊലീസുകാർക്കെതിരേ കെഎസ്‌യു നേതാവിന്‍റെ ഭീഷണി

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം ഹൈക്കോടതി വിധിയുടെ ലംഘനമെന്ന് തന്ത്രിമാർ