സ്വന്തം ലേഖകൻ
തിരുവനന്തപുരം: മുൻ എൽഡിഎഫ് സർക്കാരിന്‍റെ കാലത്തെ പഴ്സനൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി വി.ഡി സതീശന്‍റെ പ്രസ്താവന വസ്തുതാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തിയതോടെ സ്റ്റാഫുകളുടെ എണ്ണം സംബന്ധിച്ച കണക്കുകൾ വിശദീകരിച്ച സർക്കാർ. എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ 787 പേരെ നിയമിച്ചുവെന്ന മുഖ്യമന്ത്രിയുടെ ആരോപണം വസ്തുതയ്ക്ക് നിരക്കുന്നതല്ലെന്നും 787 പേരുടെ പട്ടിക അദ്ദേഹം തന്നെയാണ് വെളിപ്പെടുത്തേണ്ടതെന്നുമായിരുന്നു പിണറായി വിജയന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്. എന്നാൽ, വിശദമായ കണക്കെടുത്ത സർക്കാർ വൃത്തങ്ങൾ 787 എന്ന കണക്കുകൾ സ്ഥിരീക്കുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ധൂർത്താണ് നടത്തിയതെന്നാണ് കണക്കുകൾ ഉദ്ധരിച്ച് സർക്കാർ വൃത്തങ്ങൾ കുറ്റപ്പെടുത്തുന്നു.
നിശ്ചിത ക്വാട്ടയ്ക്കുള്ളിൽ നിന്നുകൊണ്ട് എ കാറ്റഗറി വിഭാഗത്തിൽ 17 പേരെയും ബി കാറ്റഗറിയിൽ 13 പേരെയും നിയമിക്കാൻ അനുമതിയുണ്ടായിരുന്നിട്ടും, പ്രതിമാസ ചെലവുകൾ ചുരുക്കുന്നതിനായി സ്റ്റാഫംഗങ്ങളുടെ പരമാവധി എണ്ണം 25 ആയി പരിമിതപ്പെടുത്തുകയാണ് യുഡിഎഫ് ചെയ്തതെന്നും സർക്കാർ അനുകൂലികൾ ചൂണ്ടിക്കാട്ടുന്നു. സ്പെഷ്യൽ ഓർഡർ പ്രകാരം 7 പേരെക്കൂടി അധികമായി നിയമിക്കാൻ അധികാരമുണ്ടായിരുന്നിട്ടും മുഖ്യമന്ത്രി 31 പേരെ മാത്രമാണ് നിയമിച്ചിട്ടുള്ളത്. അനുവദിക്കപ്പെട്ട ക്വാട്ട മുഴുവൻ ഉപയോഗിക്കാൻ പോലും സർക്കാർ മുതിർന്നിട്ടില്ല. നിലവിൽ ആകെ 476 പഴ്സണൽ സ്റ്റാഫുകളെ മാത്രമാണ് യുഡിഎഫ് സർക്കാർ ഇതുവരെ നിയമിച്ചിട്ടുള്ളതെന്നും സർക്കാർ കണക്കുകളിൽ പറയുന്നു.
രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം മുഖ്യമന്ത്രി മാത്രം 44 പേരെ തന്‍റ പഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയിരുന്നു. പി.എ. മുഹമ്മദ് റിയാസ് (36), വി. അബ്ദുറഹിമാൻ (35), വി.എൻ. വാസവൻ (35), ജി.ആർ. അനിൽ (34), വീണ ജോർജ് (34), വി. ശിവൻകുട്ടി (31), ജെ. ചിഞ്ചുറാണി (30), എ.കെ. ശശീന്ദ്രൻ (30), പി. പ്രസാദ് (30) എന്നിങ്ങനെ 30-ലധികം സ്റ്റാഫുകളുമായി മന്ത്രിമാരും ഈ ധൂർത്തിന് നേതൃത്വം നൽകി. സജി ചെറിയാൻ രാജിവെച്ച ശേഷം സ്റ്റാഫുകളുടെ എണ്ണം 27-ൽ നിന്ന് 29 ആയി ഉയർത്തുക വരെയുണ്ടായി. മാത്രമല്ല, അഹമ്മദ് ദേവർകോവിലിനു പകരം കടന്നപ്പള്ളിയെയും, ആന്‍റണി രാജുവിനു പകരം ഗണേഷ്‌കുമാറിനെയും, എം.വി. ഗോവിന്ദനു പകരം എം.ബി. രാജേഷിനെയും, കെ. രാധാകൃഷ്ണനു പകരം ഒ.ആർ. കേളുവിനെയും നിയമിച്ചുകൊണ്ട് രണ്ടര വർഷത്തെ റൊട്ടേഷനിലൂടെ പാർട്ടി കേഡറുകൾക്ക് ആജീവനാന്ത പെൻഷൻ ഉറപ്പാക്കുകയാണ് എൽഡിഎഫ് ചെയ്തതെന്നും കണക്കുകളിൽ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, 2022 മേയ് 16 മുതൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യാൻ മാത്രം 22,290 മുതൽ 75,000 രൂപ വരെ ശമ്പളത്തിൽ 12 പേരെ നിയമിക്കുകയും തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇവർക്ക് വീണ്ടും ശമ്പളവർധനവ് നൽകുകയും ചെയ്തതായാണ് സർക്കാരിന് ലഭിച്ച വിവരം. യുഡിഎഫ് സർക്കാരിന്‍റെ പഴ്സണൽ സ്റ്റാഫ് നിയമനങ്ങളെക്കുറിച്ച് എൽഡിഎഫ് നടത്തുന്ന പ്രചാരണങ്ങൾ പൂർണമായും വസ്തുതാവിരുദ്ധവും അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കാനുള്ള രാഷ്ട്രീയ നീക്കവുമാണെന്നാണ് വാദം.