വൃക്കയുടെ ജാതിയും മതവും!
MV Graphics
വൃക്കദാനത്തിന് സന്നദ്ധരായ ക്രൈസ്തവ സ്വീകർത്താവിനെയും മുസ്ലിം ദാതാവിനെയും തമ്മിൽ സ്നേഹബന്ധം ഉണ്ടാകാൻ സാഹചര്യമില്ലെന്നു ചൂണ്ടിക്കാട്ടി എറണാകുളം ഓഥറൈസേഷൻ സമിതി അപേക്ഷ നിരസിച്ചു. ധ്യാനകേന്ദ്രത്തിലൂടെ പരിചയപ്പെട്ടതാണെന്ന അപേക്ഷകരുടെ വാദം സമിതി തള്ളി. പൊലീസ് റിപ്പോർട്ട് അനുകൂലമായിട്ടും അത് അവഗണിച്ചെന്നാണ് അപേക്ഷകരുടെ ആരോപണം; സംസ്ഥാന സമിതിയിൽ അപ്പീൽ നൽകും.
കൊച്ചി: വൃക്ക ദാതാവിന്‍റെയും സ്വീകർത്താവിന്‍റെയും മതങ്ങൾ ഒന്നല്ലെന്നു ചൂണ്ടിക്കാട്ടി എറണാകുളം ജില്ലാതല ഓഥറൈസേഷൻ സമിതി അവയവദാന അപേക്ഷ നിരസിച്ചു. അപേക്ഷകർ വ്യത്യസ്ത സമുദായക്കാരായതിനാൽ 'സ്നേഹബന്ധം' തെളിയിക്കുന്നതിൽ പരാജയപ്പെട്ടെന്ന വിശദീകരണമാണ് അപേക്ഷ തള്ളാൻ മെഡിക്കൽ കോളെജ് പ്രിൻസിപ്പൽ ചെയർമാനായ സമിതി മുന്നോട്ടുവച്ചിരിക്കുന്നത്.
എറണാകുളം പുത്തൻകുരിശ് സ്വദേശിക്ക് അമ്പലപ്പുഴ സ്വദേശിനി വൃക്ക നൽകാൻ തയാറായതിനെ തുടർന്ന് നൽകിയ സംയുക്ത അപേക്ഷയാണ് മത പരാമർശമുന്നയിച്ച് തള്ളിയത്. ഇതിനെതിരേ സംസ്ഥാനതല സമിതിക്ക് അപ്പീൽ നൽകാൻ ഒരുങ്ങുകയാണ് അപേക്ഷകർ. സമൂഹത്തിൽ മതസ്പർധയുണ്ടാക്കുമെന്ന വാദമാണ് ഔദ്യോഗിക റിപ്പോർട്ടിൽ സമിതി ഉന്നയിക്കുന്നതെന്ന് ഇവർ ആരോപിക്കുന്നു.
ദാതാവും സ്വീകർത്താവും രക്തബന്ധുക്കളോ അടുത്ത ബന്ധുക്കളോ അല്ലെങ്കിൽ 'പരോപകാരം' എന്ന നിലയിലോ 'സ്നേഹബന്ധ'ത്തിന്‍റെ പേരിലോ സന്നദ്ധരായവർക്ക് അവയവം ദാനം ചെയ്യാൻ അനുമതിയുണ്ട്. എന്നാൽ, 1994ലെ അവയവ കൈമാറ്റ ചട്ടമനുസരിച്ച് ഇരുവരും ഓഥറൈസേഷൻ സമിതിക്ക് സംയുക്ത അപേക്ഷ നൽകി അനുമതി വാങ്ങണം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ജില്ലാ സമിതിക്ക് അപേക്ഷ നൽകിയത്.
17ന് രോഗിയും ദാതാവും ഇവരുടെ ബന്ധുക്കളും അടക്കമുള്ളവരെ സമിതി അഭിമുഖം നടത്തിയാണ് അപേക്ഷ തള്ളി റിപ്പോർട്ട് സമർപ്പിച്ചത്. വൃക്ക സ്വീകരിക്കുന്നയാളുടെ ഭാര്യയുമായി ആലപ്പുഴയിലെ ഒരു ധ്യാനകേന്ദ്രത്തിൽ വച്ചുള്ള പരിചയം അടുത്ത സ്നേഹബന്ധമായി മാറിയെന്നും ഇതിന്‍റെ അടിസ്ഥാനത്തിലാണ് വൃക്ക നൽകാൻ സന്നദ്ധയായത് എന്നുമാണ് ഇരുവരും അപേക്ഷയിൽ വ്യക്തമാക്കിയത്.
എന്നാൽ, ധ്യാനകേന്ദ്രത്തിലെ നിത്യസന്ദർശകരായ അവയവ സ്വീകർത്താവും ഭാര്യയും ക്രൈസ്തവ സമുദായാംഗങ്ങളും ദാതാവ് മുസ്‍ലിം സമുദായക്കാരിയുമാണ് എന്നു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇവർ തമ്മിൽ അവയവദാനത്തിന് സന്നദ്ധമാകും വിധമുള്ള സ്നേഹബന്ധം രൂപപ്പെടാനുള്ള സാഹചര്യമില്ലെന്നാണ് സമിതിയുടെ പരാമർശം.
ഇരുവരുടെയും ജോലിയും വരുമാനവും സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തതയില്ല, ബന്ധത്തിന്‍റെ കാര്യത്തിൽ പൊലീസ് നൽകിയ റിപ്പോർട്ട് എതിരാണ് തുടങ്ങിയ കാര്യങ്ങളും റിപ്പോർട്ടിൽ ഉന്നയിച്ചിട്ടുണ്ട്. പക്ഷേ, പൊലീസ് റിപ്പോർട്ട് അവയവദാനത്തിന് അനുകൂലമാണെന്നും ഇത് മറച്ചുവച്ചാണ് സമിതിയുടെ തീരുമാനമെന്നും അപേക്ഷകർ പറയുന്നു.
രോഗിയും ദാതാവും തമ്മിൽ അടുത്ത ബന്ധമില്ല എന്ന കാരണത്താൽ ജില്ലാ, സംസ്ഥാനതല ഓഥറൈസേഷൻ സമിതികൾ അവയവദാന അപേക്ഷകൾ തള്ളുന്നത് സാധാരണമാണ്. അവയവക്കച്ചവടം നടക്കാതിരിക്കാനാണ് ഇങ്ങനെയുള്ള നിലപാടുകൾ സ്വീകരിക്കുന്നത്. എന്നാൽ, മത വ്യത്യാസം ചൂണ്ടിക്കാട്ടി അപേക്ഷ തള്ളിയതോടെയാണ് ഇപ്പോഴത്തെ തീരുമാനം വിവാദമായിരിക്കുന്നത്.