യു. പ്രതിഭ
ആലപ്പുഴ: സദാചാര പ്രസംഗവുമായി യു. പ്രതിഭ എംഎൽഎ. കട ഉദ്ഘാടനങ്ങൾക്കെത്തുന്നത് ഉടുപ്പില്ലാത്ത സിനിമ താരങ്ങളാണെന്നും നമ്മുടെ സമൂഹത്തിന് സിനിമാക്കാരോട് ഒരു തരം ഭ്രമമാണെന്നും എംഎൽഎ പറഞ്ഞു. കായംകുളം എരുവ നളന്ദ കലാസാംസ്കാരിക വേദി ഗ്രന്ഥശാലയുടെ വാർഷികാഘോഷത്തിന്‍റെ സമാപന വേദിയിൽ സംസാരിക്കവെയായിരുന്നു പ്രതിഭയുടെ സദാചാര പ്രസംഗം. ബുധനാഴ്ച നടന്ന പരിപാടിയിലായിരുന്നു സംഭവം,
"നമ്മുടെ സിനിമക്കാരോട് സമൂഹത്തിന് ഒരു തരം ഭ്രാന്താണ്, എന്തിനാണ് ഇതെന്ന് മനസിലാവുന്നില്ല. കട ഉദ്ഘാടനങ്ങൾക്ക് ഉടുപ്പില്ലാത്ത വനിതാ താരങ്ങളാണ് എത്തുന്നത്. ഇതാണ് പുതിയ സംസ്കാരം. ഇത്രയ്ക്ക് വായിനോക്കികൾ ആണോ കേരളത്തിലെ മനുഷ്യർ. സിനിമാ താരങ്ങളെത്തിയാൽ ഇടിച്ച് കയറുകയാണ്. ഇത് മാറണം. വരുവാണെങ്കിൽ തുണി ഉടുത്ത് വരണമെന്ന് പറയണം.
ഇത് സദാചാരമാണെന്ന് പറഞ്ഞ് ആരും എന്‍റെ നേരേ വരണ്ട. മാന്യമായ വസ്ത്രം ധരിക്കുക എന്നത് പിന്തുടർന്ന് പോരേണ്ടതാണ്. തുണി ഉടുക്കാനും ഉടുക്കാതിരിക്കാനും സ്വാതന്ത്ര്യമുള്ള നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്. നമുക്ക് ചോദ്യം ചെയ്യാൻ അവകാശമില്ല''- എംഎൽഎ പറഞ്ഞു.