പി. രാജീവ്
തിരുവനന്തപുരം: കേരളത്തിന്‍റെ തീരപ്രദേശത്ത് കടൽ മണൽ ഖനനം നടത്തുന്നതിൽ സംസ്ഥാനത്തിന്‍റെ വിയോജിപ്പ് മുമ്പ് തന്നെ അറിയിച്ചതാണെന്ന് വ്യവസായ മന്ത്രി പി. രാജീവ്. കടൽ മണൽ ഖനനം മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളും മത്സ്യത്തൊഴിലാളി മേഖലയിലുണ്ടാകുന്ന പ്രത്യാഘാതങ്ങളും ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ഗവൺമെന്‍റിന് കത്ത് നൽകിയത്. 2023 ജൂലൈ 27 ന് ലോക്‌സഭയിൽ ഖനനം സംബന്ധിച്ച ബിൽ അവതരിപ്പിച്ചു. ഓഗസ്റ്റ് ഒന്നിന് ലോകസഭയും തുടർന്ന് രാജ്യസഭയും ബിൽ പാസാക്കുകയും നിയമമായി മാറുകയും ചെയ്തു.
12 നോട്ടിക്കൽ മൈലിനിപ്പുറമുള്ള തീരമേഖല സംസ്ഥാന ഗവൺമെന്‍റിന്‍റെ അധികാരപരിധിയിൽ വരുന്നതാണ്. ഇതിൽ സംസ്ഥാന ഫിഷറീസ് വകുപ്പിന്‍റെ അധികാരം ഇല്ലാതാക്കരുതെന്നതാണ് സംസ്ഥാന നിലപാട്. മണിപ്പുർ വിഷയത്തിൽ പ്രക്ഷുബ്ധമായത് കാരണമാകാം എംപിമാർ ആരും ഭേദഗതി നിർദേശിച്ചില്ല എന്നതും ശ്രദ്ധിക്കണം. എന്നാൽ 2023ൽ തന്നെ കടൽ മണൽ ഖനനത്തിനെതിരായ നിലപാട് സംസ്ഥാന ഗവൺമെന്റ് സ്വീകരിച്ചു.
ഇതു സംബന്ധിച്ച് 3 കത്തുകൾ സംസ്ഥാനം കേന്ദ്ര സർക്കാരിന് അയച്ചുവെന്ന് മന്ത്രി അറിയിച്ചു. നിയമസഭയിൽ ഇത് സംബന്ധിച്ച് വിശദീകരിക്കുകയും ചെയ്തു. ഖനനത്തിന് വേണ്ടി കേന്ദ്ര ഗവൺമെന്‍റ് സംഘടിപ്പിച്ച റോഡ് ഷോയിൽ കേരളത്തിന്‍റെ പ്രിൻസിപ്പൽ സെക്രട്ടറി പങ്കെടുക്കുന്ന വേളയിലും ഈ വിയോജിപ്പ് രേഖപ്പെടുത്തി.
കേന്ദ്ര മൈനിങ് സെക്രട്ടറി തിരുവനന്തപുരത്ത് നടത്തിയ യോഗത്തിൽ ഖനന വിഷയം അജൻഡയായിരുന്നില്ല. കടൽ മണൽ ഖനനത്തിനെതിരായി പ്രതിപക്ഷവുമായി സഹകരിച്ച് നടപടികൾ സ്വീകരിക്കാൻ തയാറാണെന്ന് നിയമസഭയിൽ മുഖ്യമന്ത്രി അറിയിക്കുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.