കത്തിൽ കുരുങ്ങി യുഡിഎഫ്: ലക്ഷ്യം രാഹുലിന്‍റെ തോൽവി, ആസൂത്രിത നീക്കം സംശയിച്ച് നേതൃത്വം 
Kerala

കത്തിൽ കുരുങ്ങി യുഡിഎഫ്: ലക്ഷ്യം രാഹുലിന്‍റെ തോൽവി, ആസൂത്രിത നീക്കം സംശയിച്ച് നേതൃത്വം

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വിജയം തടയുക എന്ന ലക്ഷ്യമാണ് കത്ത് പുറത്തുവിട്ടതിനു പിന്നിലെന്നാണ് നേതൃത്വത്തിന്‍റെ കണക്കുകൂട്ടൽ

Namitha Mohanan

പാലക്കാട്: തെരഞ്ഞെടുപ്പ് ചൂടിൽ യുഡിഎഫിന് തിരിച്ചടി. പാലക്കാട് കെ. മുരളീധരനെ സ്ഥാനാർഥിയാക്കണം എന്നാവശ്യപ്പെടുന്ന ഡിസിസി പ്രസിഡന്‍റിന്‍റെ കത്ത് പുറത്തുവന്നതോടെ യുഡിഎഫ് ക്യാമ്പ് വെട്ടിലായി. രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുന്നതിന് മുമ്പ് എഐസിസി നേതൃത്വത്തിന് അയച്ച കത്താണ് പുറത്തുവന്നിരിക്കുന്നത്. ഇതിന് പിന്നിൽ ആസൂത്രിത നീക്കം ഉണ്ടെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ.

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വിജയം തടയുക എന്ന ലക്ഷ്യമാണ് കത്ത് പുറത്തുവിട്ടതിനു പിന്നിലെന്നാണ് നേതൃത്വത്തിന്‍റെ കണക്കുകൂട്ടൽ. രാഹുലിനെ സ്ഥാനാർഥിയാക്കാൻ പ്രതിപക്ഷ നേതാവും ഷാഫി പറമ്പിലും അടങ്ങുന്ന കോക്കസ് ആണ് പ്രവർത്തിച്ചതെന്ന് നേരത്തെ കോൺഗ്രസ് വിട്ട പി സരിനും എ.കെ. ഷാനിബും ആരോപിച്ചിരുന്നു.

ബിജെപിയെ തുരത്താൻ കെ. മുരളീധരനെ പാലക്കാട് മത്സരിപ്പിക്കണമെന്നാണ് കത്തിൽ ഡിസിസി പ്രസിഡന്‍റ് ആവശ്യപെടുന്നത്. ഡിസിസി ഭാരവാഹികൾ ഐകകണ്ഠേന എടുത്ത തീരുമാനപ്രകാരമാണ് ആവശ്യം ഉന്നയിക്കുന്നതെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ.സുധാകരൻ, പ്രതിപക്ഷ നേതാവും യുഡിഎഫ് ചെയർമാനുമായ വി.ഡി.സതീശൻ, എഐസിസി ജനറൽ സെക്രട്ടറിയും സംസ്ഥാനത്തിന്‍റെ ചുമതലയുമുള്ള ദീപ ദാസ് മുൻഷി എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിൽ എന്നിവർക്കയച്ച കത്താണ് പുറത്ത് വന്നിരിക്കുന്നത്.

ബിജെപിയുടെ വളർച്ചെയെ പ്രതിരോധിക്കാൻ പോവുന്ന ഒരാളെ സ്ഥാനാർഥിയാക്കണമെന്നും താഴെ തട്ടിലുള്ളവരുടേയും ഇടതു പക്ഷത്തിന്‍റേയും വോട്ട് പിടിച്ചെടുക്കാൻ പ്രാപ്തിയുള്ള മുരളീധരനെ പോലെയൊരാളെയാണ് സ്ഥാനാർഥിയായി പാലക്കാടിന് വേണ്ടതെന്ന് ഡിസിസി പ്രസിഡന്‍റിന്‍റെ കത്തിൽ പറഞ്ഞിരുന്നു.

പാരഡി പാട്ടിൽ കേസെടുത്ത് പൊലീസ്; മതവികാരം വ്രണപ്പെടുത്തിയെന്ന് എഫ്ഐആർ

നാലാം ടി20 ഉപേക്ഷിച്ചു

ആണവോർജ മേഖലയിൽ സ്വകാര്യ നിക്ഷേപം; ബിൽ ലോക്സഭ കടന്നു

ജനുവരി മുതൽ സിഎൻജിയുടെയും വീടുകളിലേക്കുള്ള പിഎൻജിയുടെയും വില കുറയും

ലോക്സഭയിൽ ഇ-സിഗരറ്റ് ഉപയോഗിച്ചത് എംപി കീർത്തി ആസാദ്?