കേരള ഹൈക്കോടതി
file
കൊച്ചി: പാലിയേക്കരയിൽ ടോൾ പിരിവിന് ഹൈക്കോടതി ഏർപ്പെടുത്തിയ വിലക്ക് തുടരും. ദേശീയ പാത അഥോറിറ്റി നൽകിയ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര‍്യം വ‍്യക്തമാക്കിയത്. കഴിഞ്ഞ ഒരു മാസത്തോളമായി ടോൾ പിരിവ് മുടങ്ങിയതിനാൽ വലിയ നഷ്ടം നേരിടിന്നുവെന്നായിരുന്നു ദേശീയ പാത അഥോറിറ്റി അറിയിച്ചിരുന്നത്.
എന്നാൽ ഇനിയും ജനങ്ങളെ പരീക്ഷിക്കരുതെന്നായിരുന്നു കോടതിയുടെ പ്രതികരണം. ദേശീയപാതയിലെ ഗതാഗത പ്രശ്നവുമായി ബന്ധപ്പെട്ട് ജില്ലാ കലക്റ്ററുടെ പൂർണ റിപ്പോർട്ട് ലഭിച്ച ശേഷം ടോൾ സംബന്ധിച്ച് ആലോചിക്കാമെന്നാണ് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്. വ‍്യാഴാഴ്ച ഹർജി കോടതി വീണ്ടും പരിഗണിക്കും.
വിഷയം സംബന്ധിച്ച് കലക്റ്ററുടെ റിപ്പോർട്ട് ഹൈക്കോടതി തേടുകയും ഇതിൽ 18 ഇടങ്ങളിൽ പ്രശ്നങ്ങൾ ഉള്ളതായി കണ്ടെത്തുകയും ചെയ്തിരുന്നു. 13 ഇടങ്ങളിൽ പ്രശ്നങ്ങൾ ഏറെക്കുറെ പരിഹരിച്ചെന്നായിരുന്നു കലക്റ്ററുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.
എന്നാൽ ഈ റിപ്പോർട്ട് പൂർണമല്ലെന്ന് പറഞ്ഞ കോടതി അന്തിമ വിധി പറയുന്നതിനായി കേസ് വീണ്ടും മാറ്റുകയായിരുന്നു. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന് അറിയിച്ച കോടതി ചൊവ്വാഴ്ച ഉച്ചയ്ക്കകം പുതിയ റിപ്പോർട്ട് നൽകാനാകുമോയെന്ന് ചോദിച്ചു. എന്നാൽ കൂടുതൽ സമയം വേണമെന്നായിരുന്നു കലക്റ്റർ പറഞ്ഞത്.