കൊല്ലപ്പെട്ട വിഷ്ണുപ്രിയ, പ്രതി ശ്യാംജിത്ത് 
Kerala

വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം

തലശേരി ഏഡീഷണൽ ജില്ലാ കോടതിയുടേതാണ് വിധി

കണ്ണൂർ: പ്രണയാഭ്യർഥന നിരസിച്ചതിന് പാനൂർ സ്വദേശി വിഷ്ണുപ്രിയയെ വീട്ടിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ. ജീവപര്യന്തത്തിനു പുറമേ പത്ത് വർഷം അധികതടവും രണ്ട് ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.

തലശേരി ഏഡീഷണൽ ജില്ലാ കോടതിയുടേതാണ് വിധി. ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു. പ്രതിക്ക് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്‍റെ ആവശ്യം.

2022 ഒക്‌ടോബർ 22 നാണ് വിഷ്ണുപ്രിയയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. വിഷ്ണുപ്രിയ സൗഹൃദം അവസാനിപ്പിച്ചതിന്‍റെ പകയിലായിരുന്നു ആരുമില്ലാത്ത നേരത്ത് വീട്ടിൽ കയറി പ്രതി കൊലപാതകം നടത്തിയത്. വിഷ്ണുപ്രിയ ആൺസുഹൃത്തുമായി വീഡിയോ കോൾ ചെയ്യുന്ന സമയത്തായിരുന്നു പ്രതി ആയുധങ്ങളുമായി വീട്ടിലേക്ക് എത്തിയത്. ശ്യാജിത്ത് വിഷ്ണുപ്രിയയുടെ വീട്ടിലേക്ക് കയറി വന്നത് ഈ വീഡിയോ കോളിൽ പതിഞ്ഞിരുന്നു. ഈ 13 സെക്കന്‍റ് ദൃശ്യമാണ് കേസിൽ നിർണായക തെളിവായത്. പ്രതി ചുറ്റികയും മറ്റ് ആയുധങ്ങളും വാങ്ങിയതിന്‍റെ സിസിടിവി ദൃശ്യങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.

ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയും കഴുത്തറുക്കുകയും മരിച്ച ശേഷവും ശരീരത്തിൽ കുത്തിപരുക്കേൽപ്പിക്കുകയുമായിരുന്നു. 29 മുറിവുകളാണ് വിഷ്ണുപ്രിയയുടെ ശരീരത്തിലുണ്ടായിരുന്നത്. വിഷ്ണുപ്രിയ ശ്യാംജിത്തുമായുളള സൗഹൃദം അവസാനിപ്പിച്ചതിന്‍റെ പകയിലായിരുന്നു കൊലപാതകം. പെൺകുട്ടി വിവിൻ രാജുമായി അടുത്തതും പ്രകോപനമായി. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്തായിരുന്നു കൊലപാതകം.

പീച്ചി കസ്റ്റഡി മർദനം: എസ്എച്ച്ഒ പി.എം. രതീഷിന് സസ്പെൻഷൻ

ബലാത്സംഗ കേസ്; നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി

ചരക്ക് ട്രെയ്നിന് മുകളില്‍ കയറി ഷോക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

വടകരയിൽ ആർജെഡി നേതാവിനെ വെട്ടി പരുക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

ഇന്ത‍്യൻ ടീമിന് പുതിയ ജേഴ്സി സ്പോൺസർ