'വളര്‍ത്തച്ഛന് തന്നോടുള്ള സ്‌നേഹം നഷ്ടമാകുമോ എന്ന ഭയം..'; കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞുകൊന്ന കേസിൽ 12 കാരി
കണ്ണൂര്‍: പാപ്പിനിശേരി പാറക്കലില്‍ 4 മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞ് കൊന്ന കേസില്‍ പ്രതിയായ 12 കാരിയുടെ മൊഴി പുറത്ത്. വളര്‍ത്തച്ഛന് തന്നോടുള്ള സ്‌നേഹം നഷ്ടമാകുമോ എന്ന ഭയത്തിലായിരുന്നു കൊലപാതകം എന്നാണ് കുട്ടി നൽകിയ മൊഴി.
കുട്ടി നൽകിയ നൽകിയ മൊഴികളിലെ വൈരുദ്ധ്യമാണ് പൊലീസിന് സഹായകമായത്. പൊലീസിന്‍റെ ചോദ്യം ചെയ്യലില്‍ കുട്ടിക്ക് ഏരെ നേരം പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. കഴിഞ്ഞദിവസവും കുട്ടി പറഞ്ഞ മൊഴികളില്‍ വൈരുധ്യമുണ്ടായിരുന്നു. മൊഴികള്‍ കൃത്യമായി പരിശോധിക്കുമെന്നും എസ്എച്ച്ഒ ബി. കാര്‍ത്തിക് പറഞ്ഞു.
അതേസമയം, കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജരാക്കി. ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് ഹാജരാക്കിയത്.
ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ ബന്ധുവായ 12 വയസുകാരി കിണറ്റിൽ എറിഞ്ഞു കൊന്നത്. തമിഴ്നാട് സ്വദേശിയായ മുത്തുവിന്‍റെയും അക്കമ്മയുടെയും മകളാണ് മരിച്ചത്. അമ്മയുടെ കൂടെ കിടന്നുറങ്ങിയിരുന്ന കുട്ടിയെ അര്‍ധരാത്രിയോടെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിൽ വാടക ക്വാര്‍ട്ടേഴ്സിനു സമീപത്തെ കിണറ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
മുത്തുവിന്‍റെ സഹോദരന്‍റെ 12 വയസുള്ള മകളാണ് ഈ പെൺകുട്ടി. മാതാപിതാക്കളില്ലാത്തതിനാല്‍ മുത്തുവിനും ഭാര്യക്കുമൊപ്പമാണ് ഈ കുട്ടി താമസിച്ചിരുന്നത്. ഇവരുടെ ജീവിതത്തിലേക്ക് പുതിയ കുഞ്ഞ് വന്നതോടെ തന്നോടുള്ള സ്നേഹം കുറയുമോയെന്ന് കുട്ടി ഭയന്നിരുന്നു.
രക്ഷിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പന്ത്രണ്ടുകാരിയിലേക്ക് പൊലീസ് എത്തിയത്. മരിച്ച കുട്ടിയുടെ പിതാവിനും മാതാവിനും ഉണ്ടായ ചില സംശയങ്ങളാണ് അന്വേഷണം വഴിതിരിച്ചുവിട്ടതെന്ന് വളപ്പട്ടണം എസ്എച്ച്ഒ ബി. കാര്‍ത്തിക് പറഞ്ഞു. രാത്രി ഉറങ്ങുന്നതിനു മുന്‍പ് വാതില്‍ അകത്ത് നിന്നും പൂട്ടിയിരുന്നതായും പുറത്തുനിന്ന് ആര്‍ക്കും അകത്തേക്ക് കയറാനാകില്ലെന്നും മുത്തുവും ഭാര്യയും ഉറപ്പിച്ചു പറഞ്ഞു. ഇതോടെയാണ് പെണ്‍കുട്ടിയിലേക്ക് അന്വേഷണം തിരിഞ്ഞത്.