പ്രിയദർശിനി പദ്ധതിക്കെതിരേ സ്വകാര‍്യ ബസ് ഉടമകൾ നൽകിയ ഹർജി തള്ളി
ന‍്യൂഡൽഹി: യുഡിഎഫ് സർക്കാർ വനിതകൾക്ക് വേണ്ടി ആരംഭിച്ച പ്രിയദർശിനി സൗജന‍്യ യാത്രാ പദ്ധതിക്കെതിരേ സ്വകാര‍്യ ബസ് ഉടമകൾ നൽകിയ ഹർജി തള്ളി. കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത‍്യയുടെതാണ് നടപടി.
പദ്ധതി നടപ്പിലാക്കുന്നത് സർക്കാരിന്‍റെ വിവേചനാധികാരത്തിൽപ്പെടുന്ന കാര‍്യമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഹർജി തള്ളിയത്. സർക്കാർ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന ക്ഷേമ പദ്ധതിയാണ് പ്രിയദർശിനിയെന്ന് കമ്മിഷൻ വ‍്യക്തമാക്കി.
ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ തൃശൂർ ജില്ലാ പ്രസിഡന്‍റും ബസ് ഉടമകളുടെ കോഓർഡിനേഷൻ കമ്മിറ്റിയുടെ സംസ്ഥാന പ്രസിഡന്‍റുമായ ബിബിൻ ടി. ആലപ്പാട്ടാണ് ഹർജി സമർപ്പിച്ചത്. കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രാ പദ്ധതി നടപ്പാക്കിയതോടെ സ്വകാര്യ ബസുകളുടെ മത്സരക്ഷമതയെ ഇത് കാര്യമായി ബാധിച്ചെന്നും കെഎസ്ആർടിസിക്ക് മാത്രം നേട്ടമുണ്ടാവുന്ന അവസ്ഥയാണ് ഉള്ളതെന്നുമാണ് പരാതിയിൽ പറയുന്നത്. വിപണിയിലെ തുല്യ മത്സര സാഹചര്യമെന്ന സാമാന്യ നീതിക്കു വിരുദ്ധമാണു സർക്കാർ പദ്ധതിയെന്ന് ഹർജിയിൽ വാദമുണ്ട്.
ഈ പദ്ധതി നടപ്പാക്കിയതോടെ വൻ തോതിൽ സ്ത്രീയാത്രക്കാർ കെഎസ്ആർടിസിയിലേക്ക് വഴിമാറി. ഇതു മൂലം സ്വകാര്യ ബസുകളുടെ വരുമാനത്തിൽ വലിയ നഷ്ടമാണു സംഭവിച്ചത്. നഷ്ടം മൂലം ഇതിനകം 750 സ്വകാര്യ ബസുകൾ സർവീസ് നിർത്തി. കൂടുതൽ ബസുകൾ സർവീസ് അവസാനിപ്പിക്കുന്നതിന്‍റെ വക്കിലാണ്. ഇതിലൂടെ ആയിരക്കണക്കിന് തൊഴിലാളികൾക്കാണ് ജോലി നഷ്ടപ്പെടുന്നതെന്നും ഹർജിയിൽ പരാമർശിക്കുന്നു.
നേരത്തെ പദ്ധതി റദ്ദാക്കണമെന്ന് ആവശ‍്യപ്പെട്ട് തമ്മനം സ്വദേശി മുഹമ്മദ് ഫിർദൗസ് ഹൈക്കോടതിയിൽ പൊതുതാത്പര‍്യ ഹർജി സമർപ്പിച്ചിരുന്നു. പദ്ധതി ഭരണഘടനാ ആർട്ടിക്കിൾ 14,15(1) എന്നിവ ഉറപ്പു നൽകുന്ന സമത്വം, വിവേചനമില്ലായ്മ എന്നിവയുടെ ലംഘനമാണ്. കേവലം ലിംഗത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രം മനുഷ്യരെ വേർതിരിക്കുന്നത് വിവേചനപരമാണ്. പദ്ധതി ഏകപക്ഷീയവും വിവേചനപരമാണെന്നുമായിരുന്നു ഹർജിയിൽ പറഞ്ഞിരുന്നത്.