കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല

 
Kerala

"ഇളയ ചെക്കൻ വച്ച വാഴ കുലച്ചു, ഒടുവിൽ തമ്മിൽ തല്ലി തലകീറി"; മുഖ്യമന്ത്രി തർക്കത്തിൽ പി.എഫ്. മാത്യു

യുഡിഎഫ് എംഎൽഎമാരിൽ ഭൂരിഭാഗവും കെ.സി. വേണുഗോപാലിനൊപ്പമായതിനാൽ ഹൈക്കമാൻഡിനു മേൽ കടുത്ത സമ്മർദമാണ്.

നീതു ചന്ദ്രൻ

യുഡിഎഫിലെ മുഖ്യമന്ത്രി തർക്കത്തിൽ പ്രതികരിച്ച് സാഹിത്യകാരൻ പി.എഫ്. മാത്യു. സാരോപദേശ കഥയെന്ന രീതിയിലുള്ള കുറിപ്പാണ് മാത്യു പങ്കു വച്ചിരിക്കുന്നത്. വാഴ എന്നാണ് കഥയ്ക്ക് ഇട്ടിരിക്കുന്ന പേര്. ഇളയ ചെക്കൻ വച്ച വാഴ കുലച്ചപ്പോൾ ചേട്ടനും കാരണവരും ആർത്തിയോടെ ഓടി വന്നു പിന്നെ എല്ലാവരും തമ്മിൽ തല്ലി തലകീറി, തറവാടിനു തീയിട്ടു എന്നാണ് കഥ അവസാനിക്കുന്നത്.

പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശനാണ് പടനയിച്ചതെന്നും അദ്ദേഹം തന്നെയാണ് മുഖ്യമന്ത്രി പദത്തിന് അർഹനെന്നുമുള്ള അവകാശവാദം ശക്തമാകുന്നതിന് ഇടയിലാണ് പി.എഫ്. മാത്യു കഥ പുറത്തു വിട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്ന എംപി കെ.സി. വേണുഗോപാൽ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരാണ് മുഖ്യമന്ത്രി പദത്തിലേക്ക് നിർദേശിക്കപ്പെടുന്ന മറ്റു രണ്ടു പേർ. യുഡിഎഫ് എംഎൽഎമാരിൽ ഭൂരിഭാഗവും കെ.സി. വേണുഗോപാലിനൊപ്പമായതിനാൽ ഹൈക്കമാൻഡിനു മേൽ കടുത്ത സമ്മർദമാണ്.

ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം--

വാഴ

തകർന്നടിഞ്ഞ തറവാട്ടുമുറ്റത്ത് ആ തറവാട്ടിലെ ഇളയ ചെക്കൻ വാഴ വെച്ചു. ചെറുപ്പമായതിനാൽ വലിയ പ്രതീക്ഷയായിരുന്നു. കാരണവരും അയലത്തുകാരും കണ്ടുനിന്ന ചേട്ടനും പരിഹസിച്ചു. അയലത്തെ അഹങ്കാരിയായ പടു വൃദ്ധൻ തലങ്ങും വിലങ്ങും തെറി വിളിച്ചു. ഈ മണ്ണിൽ വാഴ വളരില്ല ബുദ്ധിജീവികളായ ചില നാട്ടുകാർ ഉപദേശിച്ചു. അയലത്തെ പടു വൃദ്ധൻ അഹങ്കാരിയാണേലും തൻ്റെ മുറ്റത്തേക്ക് ഈ വാഴ മാറ്റി നട്ടോളൂന്ന് സൗമനസ്യത്തോടെ ഉപദേശിച്ചു. തറവാട്ടിലെ ഇളയ ചെക്കനല്ലേ കേട്ടില്ല. ദിനവും വെള്ളമൊഴിച്ചു, വളമിട്ടു. ഒടുവിൽ വാഴ കുലച്ചു തുടങ്ങി. കുല മൂത്തു തുടങ്ങിയപ്പോഴേക്കും തറവാട്ടു കാരണവർ ആർത്തിയോടെ മുന്നിലേക്ക് വന്നു. ദൂരെ നിന്ന് മൂത്ത ചേട്ടൻ ഓടിപ്പാഞ്ഞു വന്നു. സത്യത്തിൽ വാഴക്കുലയുടെ അധികാരി തങ്ങളാണ് എന്നവർ നിയമം തലനാരിഴ കീറി സ്ഥാപിച്ചു. തങ്ങൾക്കത് വെട്ടിത്തന്നില്ലെങ്കിൽ തറവാട് തന്നെ കുളം തോണ്ടും എന്നു പ്രഖ്യാപിച്ചു. ഇതിനകം അയലത്തെ അഹങ്കാരിയായ പടു വൃദ്ധൻ കിടപ്പിലായി കഴിഞ്ഞിരുന്നു. അതിനാൽ അവിടെ നിന്നും പ്രതീക്ഷിച്ച ശല്യം ഒന്നുമുണ്ടായില്ല. തറവാട്ടിലെ കാരണവരും ചേട്ടനും ചെക്കനും കൂടി തമ്മിൽ തല്ലിത്തല കീറി. ഒടുവിൽ അവരെല്ലാം ചേർന്ന് തറവാടിന് തീയിട്ടു.

(പഴയ ഒരു സാരോപദേശ കഥ )

രാജി നൽകാതെ മമത; ബംഗാൾ നിയമസഭ പിരിച്ചു വിട്ട് ഗവർണർ

"ഇത് എല്‍ഡിഎഫിന്‍റെ അവസാനമല്ല, ശക്തമായി തിരിച്ചുവരും"; പിണറായി വിജയൻ

ഒരു കുടുംബത്തിലെ നാലു പേർ മരിച്ചതിനു കാരണം തണ്ണിമത്തനല്ല, എലിവിഷമെന്ന് റിപ്പോർട്ട്

പീഡന പരാതി: ഷിയാസ് കരീമിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

സുനിതയുടെ കൊലപാതകം: പ്രതി ദീപക് കൃഷ്ണൻ പിടിയിൽ