വി.ഡി. സതീശൻ, പി.കെ. കുഞ്ഞാലിക്കുട്ടി

 

File photo

Kerala

പിഎം ശ്രീ: സർക്കാർ രാഷ്ട്രീയ സമ്മർദത്തിൽ

വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള ഫണ്ടുകൾ ഒഴികെയുള്ള എസ്എസ്കെ ഫണ്ട് ലഭിക്കാൻ പദ്ധതിയുടെ ഭാഗമാകണമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്

Thiruvananthapuram Bureau

പി.ബി. ബിച്ചു

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ വിദ്യാലയ വികസന പദ്ധതിയായ 'പിഎം ശ്രീ' കേരളത്തിൽ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ സമ്മർദത്തിൽ. കേരളം പദ്ധതിയുടെ ഭാഗമായി തുടരണമെന്ന് വീണ്ടും കേന്ദ്രം ആവശ്യപ്പെടാനൊരുങ്ങുന്നതോടെ ഒരിടവേളയ്ക്കു ശേഷം പിഎം ശ്രീ വീണ്ടും ചർച്ചയാകുകയാണ്.

വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള ഫണ്ടുകൾ ഒഴികെയുള്ള എസ്എസ്കെ ഫണ്ട് ലഭിക്കാൻ പദ്ധതിയുടെ ഭാഗമാകണമെന്നാണ് കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്‍റെ നിർദേശം. അതേസമയം പിഎം ശ്രീ വിഷയത്തിൽ മുസ്‌ലിം ലീഗിന് പിന്നാലെ കോൺഗ്രസിലും ഭിന്നത രൂക്ഷമായതോടെ സർക്കാരിന് അന്തിമ തീരുമാനമെടുക്കൽ കടുത്ത വെല്ലുവിളിയാണ്.

മുൻ എൽഡിഎഫ് സർക്കാർ ഒപ്പിട്ടിരുന്ന പദ്ധതി തുടരുന്ന കാര്യത്തിൽ പുതിയ സർക്കാരിന്‍റെ മന്ത്രിസഭാ ഉപസമിതിയാണ് തീരുമാനമെടുക്കേണ്ടിയിരുന്നത്. പദ്ധതിയുമായി മുന്നോട്ടുപോകണമെന്നു തത്വത്തിൽ ധാരണയായെങ്കിലും കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസ് രാഷ്‌ട്രീയകാര്യ സമിതി യോഗത്തിലെ വിമർശനങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ സർക്കാരിനാകില്ല.

എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി പിഎം ശ്രീ വേണ്ട വിധത്തിൽ ചർച്ച ചെയ്തിട്ടില്ലെന്ന് യോഗത്തിൽ എതിർപ്പറിയിച്ചു. പിന്നാലെ മുതിർന്ന നേതാക്കളടക്കം ഭൂരിഭാഗം പേരും പദ്ധതി നടപ്പിലാക്കുന്നതിൽ ആശങ്കയറിയച്ചതോടെ യോഗം തീരുമാനമെടുക്കാതെ പിരിഞ്ഞു. ഘടകക്ഷിയായ മുസ്‌ലിം ലീഗും എതിർപ്പു രേഖപ്പെടുത്തിയതോടെ വെട്ടിലായിരിക്കുകയാണ് സർക്കാർ.

എന്നാൽ, ഫണ്ട് വേണമെങ്കിൽ പിഎം ശ്രീക്കൊപ്പം തുടരണമെന്നാണ് കേന്ദ്ര നിലപാട്. 1,500 കോടി രൂപയാണ് കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ള കുടിശിക. 350 കോടി ഈ വർഷം എസ്എസ്കെ ഇനത്തിലും കിട്ടാനുണ്ട്. ഇതിൽ വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള പദ്ധതികൾ ഒഴികെയുള്ള പദ്ധതികളുടെ ഫണ്ട് കിട്ടാൻ പിഎം ശ്രീ വേണമെന്നാണ് കേന്ദ്രം പറയുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെങ്കിലും കേരളം എന്തു നിലപാട് സ്വീകരിക്കുമെന്നത് കണ്ടറിയണം.

പിന്മാറ്റം പ്രയാസമാണെന്ന നിലപാട് രാഷ്‌ട്രീയകാര്യ സമിതിയിലടക്കം മുഖ്യമന്ത്രി വി.ഡി. സതീശൻ വിശദീകരിച്ചെങ്കിലും ഒറ്റയടിക്ക് തീരുമാനത്തിലേക്കു പോകൽ പ്രയാസമുണ്ടാക്കും. മന്ത്രിസഭാ ഉപസമിതി രണ്ടു തവണയാണ് യോഗം ചേർന്നത്. മൂന്നാം യോഗത്തോടെ റിപ്പോർട്ട് തയാറാക്കാനായിരുന്നു ധാരണ. കരട് റിപ്പോർട്ടിൽ രാഷ്‌ട്രീയ സമവായമാകാത്തതാണ് തീരുമാനം വൈകാൻ കാരണം.

മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ വകുപ്പിനും ഇളവോടെ പദ്ധതിയിൽ തുടന്ന് ഫണ്ട് നേടിയെടുക്കണമെന്ന അഭിപ്രായമാണെങ്കിലും എതിർപ്പ് വ്യാപകമായതോടെ ലീഗ് പിൻവലിഞ്ഞ മട്ടാണ്. തീരുമാനം നീട്ടി വിവാദം അവസാനിപ്പിക്കാനായിരുന്നു ശ്രമമെങ്കിലും അന്തിമ തീരുമാനം ആരാഞ്ഞ് കേന്ദ്ര നിർദേശം വരാനിരിക്കെ സർക്കാരിൽ സമവായ ശ്രമങ്ങൾ തുടരുകയാണ്.

വൈദ്യുതി പ്രതിസന്ധി നേരിടാൻ കെഎസ്ഇബിക്ക് പ്രത്യേക നിർദേശം

സീബ്രാ ക്രോസിങ്ങിൽ നിയമലംഘനം: ആയിരം വാഹനങ്ങൾക്ക് പിഴ

രമേശും സുരേഷും നയിക്കും; കേരളം എ‌ടുക്കാൻ പുതിയ പദ്ധതിയുമായി ബിജെപി

അസാധാരണം ഈ അതിജീവനം

നയതന്ത്ര ബന്ധത്തിന്‍റെ 75ാം വാർഷികം; ഇന്ത‍്യയും ജപ്പാനും ടി20 മത്സരം കളിക്കും