സ്വന്തം പെൺമക്കളുടെ മരണത്തിന് കാരണക്കാരനായ പ്രതിക്ക് ജാമ്യം നൽകരുതെന്ന് പൊലീസ്
കോട്ടയം: അമ്മയും മക്കളും ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് നോബി ലൂക്കോസിന് ജാമ്യം നൽകരുതെന്ന് പൊലീസ്. പ്രതിക്ക് ജാമ്യം നൽകിയാൽ അത് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്ന് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കുന്നു.
പ്രതിക്ക് ജാമ്യം നൽകിയാൽ വിദേശത്ത് ഒളിവിൽ പോകുമെന്നും പിന്നീട് തിരികെ വരാൻ സാധ്യതയില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പത്തും പതിനൊന്നും വയസുളള സ്വന്തം മക്കളുടെ മരണത്തിന് കാരണക്കാരനും, സ്വന്തം മക്കളുടെ കാര്യങ്ങൾ പോലും നടത്താത്ത ക്രൂരമനസുളള ആളാണെന്നുമാണ് പൊലീസ് പറയുന്നത്.
പണവും സ്വാധീനവും ഉള്ളതിനാൽ പ്രതി സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ട്. പ്രതിക്ക് ജാമ്യം നിഷേധിച്ചാൽ അത് സമൂഹത്തിൽ മറ്റ് നോബിമാർക്ക് അതൊരു പാഠമാകുമെന്ന് പൊലീസ് പറയുന്നു.