തൃശൂർ: ഫെഡറൽ ബാങ്ക് പോട്ട ശാഖയിൽ പട്ടാപ്പകൽ കവർച്ച നേടിയ കേസിലെ പ്രതി അറസ്റ്റിലായി. ചാലക്കുടി ആശാരിപ്പാറ തെക്കന്‍ വീട്ടില്‍ റിജോ ആന്‍റണിയെന്ന റിന്‍റോ(49)യാണ് പിടിയിലായത്. വീട്ടിൽ നിന്നുമാണ് ഇയാളെ പിടി കൂടിയത് 10 ലക്ഷം രൂപ പിടിച്ചെടുത്തിട്ടുമുണ്ട്. കടം വീട്ടാനായാണ് കൊള്ള നടത്തിയതെന്നാണ് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. കവർച്ചയ്ക്കു ശേഷം പ്രതി വീട്ടിൽ ഉണ്ടായിരുന്നു. ഞായറാഴ്ച വീട്ടിൽ നടത്തിയ കുടുംബസമ്മേളനത്തിലും പങ്കെടുത്തിരുന്നുവെന്ന് പൊലീസ് പറയുന്നു.
തൃശൂർ റൂറൽ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കവർച്ച നടന്നത്. ഹെല്‍മറ്റും മാസ്‌കും ധരിച്ച് സ്‌കൂട്ടറിലെത്തിയ മോഷ്ടാവ് ബാങ്കിന്‍റെ അകത്തു കടന്ന് ക്യാഷ് കൗണ്ടറിന് സമീപത്തുണ്ടായ രണ്ട് ജീവനക്കാരേയും ഭക്ഷണം കഴിച്ചിരുന്ന ആറ് പേരേയും പൂട്ടിയിട്ടതിനു ശേഷമാണ് കവർച്ച നടത്തിയത്. മോഷ്ടാവ് അകത്തു വരുമ്പോള്‍ ബാങ്ക് മാനേജര്‍ ബാബുവും പ്യൂണ്‍ ആളൂര്‍ സ്വദേശി അരിക്കാട്ട് ടെജിയുമാണ് കൗണ്ടറിന് സമീപത്തുണ്ടായിരുന്നത്.
ഇവരെ കത്തി കാണിച്ച് മോഷ്ടാവ് ഭീഷണിപ്പെടുത്തി റൂമിലിട്ട് ആദ്യം പൂട്ടി. തുടർന്ന് ക്യാഷ് കൗണ്ടറിന്‍റെ ചില്ലു തകര്‍ത്ത് കൗണ്ടറില്‍ കടന്ന് പണവുമായി കടന്നു കളയുകയായിരുന്നു. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ടിന് ശേഷമാണ് നാടിനെ നടുക്കിയ സംഭവം. ബാങ്ക് ജീവനക്കാരുടെ ഉച്ചഭക്ഷണ സമയം കണക്കാക്കിയാണ് മോഷ്ടാവ് മോഷണം നടത്തിയത്. ബാങ്കിന്‍റെ അകത്ത് കടന്ന് മൂന്ന് മിനിറ്റിനുള്ളില്‍ പണമെടുത്ത് മോഷ്ടാവ് പുറത്ത് കടന്നു രക്ഷപ്പെട്ടു. ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന മറ്റു നാല് ജീവനക്കാരേയും ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന സ്ഥലത്ത് പിന്നീട് പൂട്ടിയിട്ടു. തുടർന്ന് ക്യാഷ് കൗണ്ടറിന്‍റെ ചില്ല് തകര്‍ത്ത് കൗണ്ടറിലുണ്ടായിരുന്ന അഞ്ച് ലക്ഷത്തിന്‍റെ അഞ്ഞൂറ് രൂപയുടെ മൂന്ന് കെട്ടുകളും ബാക്കിയുണ്ടായിരുന്ന ഇരുപതിനായിരത്തോളം രൂപയും കൈയ്യിൽ ഉണ്ടായിരുന്ന ബാഗിലാക്കി അതി വേഗത്തില്‍ പുറത്തിറങ്ങിയതിന് ശേഷം വന്ന സ്‌കൂട്ടറില്‍ തന്നെ മോഷ്ടാവ് തിരിച്ചു പോവുകയായിരുന്നു.