ചാലക്കുടി: പോട്ട ഫെഡറൽ ബാങ്ക് ശാഖയിൽ കവർച്ച നടന്ന് 20 മണിക്കൂറുകൾ പിന്നിട്ടിട്ടും മോഷ്ടാവിനെ കണ്ടെത്താനാവാതെ പൊലീസ്. പ്രതിയെ കുറിച്ച് വ്യക്തമായ സൂചനയുണ്ടെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും ഇതുവരെ പ്രതിയിലേക്കെത്താൻ അന്വേഷണ സംഘത്തിനായിട്ടില്ല.
എന്നാൽ, മോഷ്ടാവ് പോയതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ലഭിക്കാതിരുന്നത് പ്രദേശത്ത് വൈദ്യുതി നിലച്ചതിനാലാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഉച്ചയ്ക്ക് 2.25 മുതൽ 14 മിനിറ്റ് നേരമാണ് പ്രദേശത്തു വൈദ്യുതി ബന്ധം ഇല്ലാതിരുന്നത്. ഇതിനാൽ മോഷ്ടാവിന്‍റെ ദൃശ്യങ്ങൾ പല സിസിടിവികളിലും പതിഞ്ഞിട്ടില്ല.
അതേസമയം, ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് മോഷണവുമായി ബന്ധപ്പെട്ട് ചാലക്കുടി ഡിവൈഎസ് പി കെ. സുമേഷിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി രൂപീകരിച്ചു. ഇൻസ്പെക്ടർമാരായ സജീവ് എം.കെ. (ചാലക്കുടി പോലിസ് സ്റ്റേഷൻ), അമൃത് രംഗൻ (കൊരട്ടി പോലിസ് സ്റ്റേഷൻ), ദാസ് പി.കെ.(കൊടകര പോലിസ് സ്റ്റേഷൻ), ബിജു വി. ( അതിരപ്പിള്ളി പോലിസ് സ്റ്റേഷൻ) സബ്ബ് ഇൻസ്പെക്ടമാരായ പ്രദീപ് എൻ. , സൂരജ് സി.എസ്. , എബിൻ സി.എൻ. , സലിം കെ., പാട്രിക് പി.വി., എന്നിവരും ജില്ലാ ക്രൈം സ്ക്വാഡും സൈബർ ജില്ലാ സ്പെഷ്യൽ സ്ക്വാഡും ഉൾപ്പെടുന്ന 25 ഓളം പേരടങ്ങുന്ന ടീമിനാണ് കേസന്വേഷണം നടത്തുന്നതിനുള്ള ചുമതല.
ഹെല്‍മറ്റും മാസ്‌കും ധരിച്ച് സ്‌കൂട്ടറിലെത്തിയ മോഷ്ടാവ് ബാങ്കിന്‍റെ അകത്തു കടന്ന് ക്യാഷ് കൗണ്ടറിന് സമീപത്തുണ്ടായ രണ്ട് ജീവനക്കാരേയും ഭക്ഷണം കഴിച്ചിരുന്ന ആറ് പേരേയും പൂട്ടിയിട്ടതിനു ശേഷമാണ് കവർച്ച നടത്തിയത്. മോഷ്ടാവ് അകത്തു വരുമ്പോള്‍ ബാങ്ക് മാനേജര്‍ ബാബുവും പ്യൂണ്‍ ആളൂര്‍ സ്വദേശി അരിക്കാട്ട് ടെജിയുമാണ് കൗണ്ടറിന് സമീപത്തുണ്ടായിരുന്നത്.
ഇവരെ കത്തി കാണിച്ച് മോഷ്ടാവ് ഭീഷണിപ്പെടുത്തി റൂമിലിട്ട് ആദ്യം പൂട്ടി. തുടർന്ന് ക്യാഷ് കൗണ്ടറിന്‍റെ ചില്ലു തകര്‍ത്ത് കൗണ്ടറില്‍ കടന്ന് പണവുമായി കടന്നു കളയുകയായിരുന്നു. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ടിന് ശേഷമാണ് നാടിനെ നടുക്കിയ സംഭവം. ബാങ്ക് ജീവനക്കാരുടെ ഉച്ചഭക്ഷണ സമയം കണക്കാക്കിയാണ് മോഷ്ടാവ് മോഷണം നടത്തിയത്.
ബാങ്കിന്‍റെ അകത്ത് കടന്ന് വെറും 2 മിനിറ്റ് കൊണ്ട് കവർച്ച നടത്തി പുറത്തു കടക്കുകയും ചെയ്തു. 45 ലക്ഷത്തിൽ അധികം രൂപയുണ്ടായിരുന്ന കൗണ്ടറിൽ നിന്ന് വെറും 15 ലക്ഷം മാത്രമാണ് പ്രതി കവർന്നിരിക്കുന്നത്. ഇതിൽ അസ്വാഭാവികതയുണ്ട്.
അക്രമി ഹിന്ദിയിലാണ് സംസാരിച്ചതെന്ന് ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഇക്കാരണത്താൽ പ്രതി മലയാളിയല്ലെന്ന് ഉറപ്പിക്കാനാകില്ലെന്നും പൊലീസ് പറയുന്നു. അങ്കമാലി ഭാഗത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.