ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരത്ത് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനിടെ
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ അധികാരമേറ്റു. തിങ്കളാഴ്ച തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കൗൺസിലിൽ രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അധ്യക്ഷനായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.
ഞായറാഴ്ച ചേര്‍ന്ന സംസ്ഥാന കോര്‍ കമ്മറ്റി യോഗത്തില്‍ കേരള പ്രഭാരി പ്രകാശ് ജാവദേക്കര്‍ കേന്ദ്ര തീരുമാനം യോഗത്തെ അറിയിച്ചു. തീരുമാനത്തിന് കോര്‍ കമ്മറ്റി അംഗീകാരം നല്‍കി. ഇതോടെയാണ് രാജീവ് ചന്ദ്രശേഖര്‍ നാമ നിര്‍ദ്ദേശ പ്രതിക സമര്‍പ്പിച്ചത്. രാജീവ് ചന്ദ്രശേഖര്‍ മാത്രമായിരുന്നു പത്രിക സമർപ്പിച്ചിരുന്നത്.
5 വര്‍ഷമായി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരുന്ന കെ. സുരേന്ദ്രനു പിന്‍ഗാമിയായിട്ടാണ് രാജീവ് ചന്ദ്രശേഖര്‍ എത്തുന്നത്. സംസ്ഥാന നേതാക്കള്‍ക്കിടയിൽ സമവായമുണ്ടാക്കാനാവാത്ത സാഹചര്യത്തില്‍ കൂടിയാണു കേന്ദ്ര നേതാക്കളുടെ തീരുമാനം നിര്‍ണായകമായത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ പ്രഖ്യാപനം പാര്‍ട്ടി ഘടകത്തിലെ അഭിപ്രായ ഭിന്നതകള്‍ കൊണ്ടു കൂടിയാണ് ഇത്രയും നീണ്ടത്. കെ. സുരേന്ദ്രന്‍ തുടരണമെന്ന നിലപാട് ഒരു വിഭാഗവും ശോഭ സുരേന്ദ്രന്‍റെ പേരു സുരേന്ദ്രന്‍ വിരുദ്ധ പക്ഷവും മുന്നോട്ട് വച്ചിരുന്നു.
എം.ടി. രമേശും, വി. മുരളീധരനും അവകാശവാദമുന്നിയിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയിലേക്കു കൂടുതല്‍ വിഭാഗങ്ങളെ എത്തിക്കാനുള്ള ശ്രമം വേണമെന്നു യുവനേതാക്കള്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ബിഡിജെഎസിനും രാജീവ് ചന്ദ്രശേഖറിനോടായിരുന്നു താല്‍പര്യം. തമിഴ്നാട്ടില്‍ അണ്ണാമലൈയെ അധ്യക്ഷനാക്കിയതു പോലെ മധ്യവര്‍ഗത്തിന്‍റെ പിന്തുണ രാജീവ് ചന്ദ്രശേഖറിലൂടെ കൂട്ടാമെന്ന പ്രതീക്ഷയാണു നേതൃത്വത്തിനുള്ളത്. മാറുന്ന കാലത്തെ വികസന രാഷ്ട്രീയത്തിന്‍റെ മുഖമായാണ് അദ്ദേഹത്തെ പാർട്ടി അവതരിപ്പിച്ചത്. അതിനാൽ തന്നെ കക്ഷി രാഷ്ട്രീയത്തിനതീതമായ വോട്ടുകൾ അദ്ദേഹത്തിന് നേടാനാവുകയും ചെയ്തു.