കെഎസ്ആർടിസി യാത്രക്കാർക്ക് ഇനിമുതൽ കുറഞ്ഞ നിരക്കിൽ വെള്ളവും ഓൺലൈനായി ഭക്ഷണവും!
തിരുവനന്തപുരം: കെഎസ്ആർടിസി യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ കുപ്പിവെള്ളം നൽകുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. യാത്രക്കാർക്ക് ബസിൽ ഭക്ഷണമെത്തിക്കുന്ന പദ്ധതിയും മന്ത്രി പ്രഖ്യാപിച്ചു.
പൊതുജനങ്ങൾക്കും ജീവനക്കാർക്കും ഗുണം ലഭിക്കുന്ന പദ്ധതിയാണിതെന്ന് മന്ത്രി പറഞ്ഞു. ഒരു കുപ്പിവെള്ളം വിൽക്കുമ്പോൾ 2 രൂപ കണ്ടക്റ്റർക്കും 1 രൂപ ഡ്രൈവർക്കും ഇൻസെന്‍റീവായി നൽകും. വെള്ളം സൂക്ഷിക്കാനായി ബസിൽ പ്രത്യേക ഹോൾഡറുകളും സ്ഥാപിക്കും. ഈ സംവിധാനം അധികം വൈകാതെ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഭക്ഷണ വിതരണത്തിനായി ഒരു സ്റ്റാർറ്റപ്പ് കമ്പനിക്ക് അനുമതി നൽകിയിട്ടുമുണ്ട്. യാത്രക്കാർ ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്താൽ ബസ് സ്റ്റേഷനുകളിൽ എത്തുമ്പോൾ അത് അവരുടെ സീറ്റുകളിൽ ലഭ്യമാവും. മാലിന്യങ്ങൾ നീക്കം ചെയ്യാൻ പ്രത്യേക വേസ്റ്റ് മാനേജ്മെന്‍റ് സംവിധാനവും ഒരുക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു.