ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

 
Kerala

പിഎസ്‌സി വിവാദം; കേരള സർക്കാർ മൗനം പാലിക്കുന്നുവെന്ന് രാജീവ് ചന്ദ്രശേഖർ

ദേശീയ തലത്തിൽ ചോദ്യപേപ്പർ ചോർച്ച പരാതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ച നടപടിയുമായി താരതമ്യം ചെയ്തായിരുന്നു രാജീവ് ചന്ദ്രശേഖർ രംഗത്തെത്തിയത്

Sarath Nath MS

തിരുവനന്തപുരം: കേരള പിഎസ്‌സിയിലെ നിയമന ക്രമക്കേട് ആരോപണങ്ങളിൽ കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ മൗനം പാലിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. ദേശീയ തലത്തിൽ ചോദ്യപേപ്പർ ചോർച്ച പരാതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ച നടപടിയുമായി താരതമ്യം ചെയ്തായിരുന്നു രാജീവ് ചന്ദ്രശേഖർ രംഗത്തെത്തിയത്. വെള്ളിയാഴ്ച ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് രാജീവ് ചന്ദ്രശേഖറിന്‍റെ പ്രതികരണം.

മുൻ സിപിഎം നേതൃത്വത്തിലുള്ള സർക്കാർ പിഎസ്‌സിയിൽ പിന്നാമ്പുറ നിയമനങ്ങൾ, റാങ്ക് ലിസ്റ്റ് ക്രമക്കേടുകൾ, അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് സംരക്ഷണം എന്നിവയിലൂടെ ആയിരക്കണക്കിന് അർഹരായ ഉദ്യോഗാർഥികൾക്ക് നീതി നിഷേധിച്ചുവെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നിലവിലെ പിഎസ്‌സി ചെയർമാൻ ഡോ. എം. ആർ. ബൈജുവിനെ നിയമിച്ചതും മുൻ പിണറായി വിജയൻ സർക്കാരാണ്. ഇത്തരം ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടും മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ നേതൃത്വത്തിലുള്ള നിലവിലെ സർക്കാർ നടപടി സ്വീകരിച്ചിട്ടില്ലെന്ന് ആരോപിച്ച രാജീവ് ചന്ദ്രശേഖർ, സർക്കാർ ആത്മാർഥമായി നീതി ഉറപ്പാക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അടിയന്തരമായി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു.

പരീക്ഷാ സംബന്ധമായ പരാതികളിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടി ചൂണ്ടിക്കാട്ടിയ അദ്ദേഹം, ചോദ്യപേപ്പർ ചോർച്ചയെ കുറിച്ച് യുവാക്കൾ ആശങ്ക പ്രകടിപ്പിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി അവരുടെ വാക്കുകൾ കേട്ട് നിർണായക നടപടി സ്വീകരിച്ചുവെന്ന് പറഞ്ഞു. എന്നാൽ കേരള പിഎസ്‌സിയുമായി ബന്ധപ്പെട്ട് അതിലും വലിയ തട്ടിപ്പാണ് നടന്നതെന്ന് ആരോപിച്ച അദ്ദേഹം, പിഎസ്‌സി റാങ്ക് ജേതാക്കളുടെ പരാതികൾ കേൾക്കാൻ പോലും കോൺഗ്രസ് സർക്കാർ തയ്യാറല്ലെന്നും കുറ്റപ്പെടുത്തി.

അർഹരായ ഉദ്യോഗാർഥികൾക്ക് സർക്കാർ ജോലി നിഷേധിക്കുന്ന കാര്യത്തിൽ കോൺഗ്രസും സിപിഎമ്മും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്നും, ഒരേ നിയമന സംവിധാനത്തെയാണ് ഇരുകക്ഷികളും സംരക്ഷിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിലെ യുവാക്കൾക്കൊപ്പം തുടർന്നും നിലകൊള്ളുമെന്നും, മെറിറ്റ്, സുതാര്യത, നീതി എന്നിവയ്ക്കായി ബിജെപി പോരാട്ടം തുടരുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

24 മണിക്കൂറും പ്രവർത്തിക്കുന്ന സപ്ലൈകോ കൺവീനിയൻസ് സ്റ്റോറുകൾ വരുന്നു; ആദ്യത്തേത് വൈറ്റിലയിൽ

14 ടീമുകൾ, 12 സ്റ്റേഡിയങ്ങൾ; 2027ലെ ഏകദിന ലോകകപ്പ് വേദികൾ പ്രഖ‍്യാപിച്ച് ഐസിസി

അയോധ്യ രാമക്ഷേത്ര കൊള്ള പാർലമെന്‍റിൽ പ്രതീകാത്മകമായി അവതരിപ്പിച്ച് പപ്പു യാദവ്

"‌കാവി ഇന്ത്യൻ പതാകയിലുള്ള നിറം"; ഹോക്കി ടീം ജേഴ്സി വിവാദത്തിൽ പ്രതികരിച്ച് പി.ആർ. ശ്രീജേഷ്

കാവേരി ജല തർക്കം; ഉത്തരവ് പുനപരിശോധിച്ചില്ലെങ്കിൽ സംസ്ഥാന വ‍്യാപകമായി ബന്ദ് നടത്തും, എതിർപ്പുമായി കന്നഡ അനുകൂല സംഘടനകൾ