പി.ടി. കുഞ്ഞുമുഹമ്മദ്
തിരുവനന്തപുരം: സംവിധായിക നല്‍കിയ ലൈംഗികാതിക്രമ പരാതിയുടെ അടിസ്ഥാനത്തിലുള്ള കേസില്‍ പ്രതിയായ ഇടത് സഹയാത്രികനും മുന്‍ എംഎല്‍എയുമായ സംവിധായകന്‍ പി.ടി. കുഞ്ഞുമുഹമ്മദ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചു. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് അപേക്ഷ നല്‍കിയത്.
അന്വേഷണ പുരോഗതിയറിയിച്ച് ഞായറാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കന്‍റോണ്‍മെന്‍റ് പൊലീസിനു കോടതി നിര്‍ദേശം നല്‍കി. സംവിധായികയുടെ രഹസ്യമൊഴി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വരുംദിവസങ്ങളില്‍ രേഖപ്പെടുത്തും. ഇവരുടെ സൗകര്യത്തിനനുസരിച്ചുള്ള ദിവസം മൊഴി രേഖപ്പെടുത്താമെന്ന് പൊലീസിനെ കോടതി അറിയിച്ചിരുന്നു. കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരുന്നതു വരെ കാത്തിരിക്കാനാണു പൊലീസ് തീരുമാനം.
സ്ത്രീക്കെതിരായ ശാരീരികാക്രമണം, ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള ശാരീരിക സമ്പര്‍ക്കം, ലൈംഗിക പരാമര്‍ശങ്ങള്‍ നടത്തുക എന്നീ വകുപ്പുകളാണ് കുഞ്ഞുമുഹമ്മദിനെതിരെ ചുമത്തിയിട്ടുള്ളത്. നവംബര്‍ 27ന് സംവിധായിക മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ ഡിസംബര്‍ എട്ടിനാണ് കന്‍റോണ്‍മെന്‍റ് പൊലീസ് കേസെടുത്തത്.