വയനാട്ടിൽ വെള്ളിയാഴ്ച ജനകീയ തെരച്ചില്‍  
Kerala

വയനാട്ടിൽ വെള്ളിയാഴ്ച ജനകീയ തെരച്ചില്‍

നിലവില്‍ ദുരന്തത്തില്‍ കാണാതായവരുടെ പട്ടികയില്‍ 131 പേരാണുള്ളത്

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ വെള്ളിയാഴ്ച രാവിലെ ആറ് മണി മുതല്‍ 11 മണി വരെ ജനകീയ തെരച്ചില്‍ നടത്തുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസും വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും മറ്റുമായി കഴിയുന്നവരില്‍ 190 പേര്‍ തിരച്ചലില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജനപ്രതിനിധികള്‍, എന്‍ഡിആര്‍എഫ്, പൊലിസ്, ഫയര്‍ഫോഴ്സ്, റവന്യൂ സംഘത്തിനൊപ്പം ഇവരും തെരച്ചലില്‍ പങ്കാളികളാവും. രാവിലെ തുടങ്ങി വൈകിട്ട് വരെ തെരച്ചില്‍ നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നതെങ്കിലും പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ കാരണം 11 മണിക്ക് അവസാനിപ്പിക്കും. ആവശ്യമെങ്കില്‍ മറ്റൊരു ദിവസം ജനകീയ തെരച്ചില്‍ തുടരുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ ദുരന്തത്തില്‍ കാണാതായവരുടെ പട്ടികയില്‍ 131 പേരാണുള്ളത്. ഇവരില്‍ കൂടുതല്‍ പേരും പുഞ്ചിരിമട്ടം, മുണ്ടക്കൈ, സ്കൂള്‍ റോഡ് ഭാഗങ്ങളില്‍ നിന്നുള്ളവരാണെന്നും മന്ത്രി പറഞ്ഞു.നിലവില്‍ ക്യാമ്പുകളിലും ബന്ധുവീടുകളിലും മറ്റും കഴിയുന്നവരുടെ അടിയന്തര പുനരധിവാസത്തിനായി 27 പിഡബ്ല്യുഡി ക്വാര്‍ട്ടേഴ്സുകളും മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെ ക്വാര്‍ട്ടേഴ്സുകളും സ്വകാര്യ വ്യക്തികളുടെ വീടുകളും ഉള്‍പ്പെടെ നൂറോളം കെട്ടിടങ്ങള്‍ സജ്ജമായിക്കഴിഞ്ഞതായും മന്ത്രി അറിയിച്ചു. ഇവയുടെ പെയിന്‍റിംഗ് ഉള്‍പ്പെടെയുള്ള അറ്റകുറ്റപ്പണികളും ശുചീകരണ പ്രവൃത്തികളും യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്.

സ്കൂൾ സമയമാറ്റം: ഓണം, ക്രിസ്മസ് അവധിക്കാലത്തും ക്ലാസെടുക്കണം, ബദൽ നിർദേശവുമായി സമസ്ത

ജോസ് കെ. മാണി പാലാ മണ്ഡലം വിടുന്നു

കീം റാങ്ക് ലിസ്റ്റ്: വിദ്യാർഥികളുടെ ഹർജി പരിഗണിക്കാനൊരുങ്ങി സുപ്രീം കോടതി

"വേടന്‍റെയും ഗൗരിലക്ഷ്മിയുടെയും പാട്ടുകൾ പഠിക്കേണ്ടതില്ല"; കാലിക്കറ്റ് സർവകലാശാലയ്ക്ക് ശുപാർശ

എഴുത്തുകാരി വിനീത കുട്ടഞ്ചേരിയെ മരിച്ച നിലയിൽ കണ്ടെത്തി