Puthupally election Representative image
Kerala

പുതുപ്പള്ളി വോട്ട് ചോർച്ച പരിശോധിക്കാൻ സിപിഎം

പ്രചാരണ വേളയിൽ ജനങ്ങളിൽ നിന്നും ലഭിച്ച പ്രതികരണങ്ങളിൽ നിന്നും തിരിച്ചടിക്കുള്ള സൂചനകൾ മനസിലാക്കിയിരുന്നു.

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വലിയ വിജയമുണ്ടായതോടെ തങ്ങളുടെ കേഡർ വോട്ടുകളിൽ ചോർച്ചയുണ്ടായോ എന്ന് പരിശോധിക്കാൻ സിപിഎം തീരുമാനം. ചാണ്ടി ഉമ്മന്‍റെ വിജയത്തിന് പിന്നാലെ പുതുപ്പള്ളിയിൽ സഹതാപ തരംഗമാണുണ്ടായതെന്നും ബിജെപി വോട്ടുകച്ചവടം നടത്തിയെന്നുമുൾപ്പടെയുള്ള പ്രസ്താനവനകളുമായാണ് നേതാക്കൾ മാധ്യമങ്ങളെ കണ്ടതെങ്കിലും തോല്‍വിക്ക് കാരണം അത് മാത്രമല്ലെന്ന് പാർട്ടി നേതൃത്വത്തിന് ബോധ്യമുണ്ട്. പ്രചാരണ വേളയിൽ ജനങ്ങളിൽ നിന്നും ലഭിച്ച പ്രതികരണങ്ങളിൽ നിന്നും തിരിച്ചടിക്കുള്ള സൂചനകൾ മനസിലാക്കിയിരുന്നു.

ഫലം വന്നതിന് പിന്നാലെ ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിലും ഇനി മുന്നോട്ടുള്ള പോക്ക് ശ്രദ്ധിച്ച് വേണമെന്ന നിലപാടാണ് നേതാക്കളും മുന്നോട്ടുവച്ചത്. ഇത് കണക്കിലെടുത്ത് ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഭരണവിരുദ്ധ വികാരം മറികടക്കാനുള്ള തീരുമാനങ്ങളുണ്ടായേക്കും.

കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 12,000ത്തോളം വോട്ടുകളാണ് എൽഡിഎഫ് സ്ഥാനാർഥിക്ക് കുറഞ്ഞത്. മണ്ഡലത്തിൽ സുപരിചിതനായ സ്ഥാനാർഥിയെ നിർത്തിയിട്ടും പ്രചാരണത്തിൽ വേണ്ടത്ര ആവേശം ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്ന വിലയിരുത്തലിലാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. കോട്ടയത്തെ ചില നേതാക്കളെ പ്രചാരണത്തിന്‍റെ ചുമതലയേൽപ്പിച്ചതിലും ചിലരുടെ ചാനൽ ചർച്ചകളിലെ വിവാദ പരാമർശങ്ങളിലും പാർട്ടിക്ക് അതൃപ്തിയുണ്ടായിരുന്നു. പാർട്ടിക്ക് ലഭിക്കേണ്ട വോട്ട് കുറയാൻ ഇവയിലേതെങ്കിലും ഘടകങ്ങൾ കാരണമായിട്ടുണ്ടോയെന്നതടക്കം വിശദമായി പരിശോധിക്കാനാണ് തീരുമാനം.

വോട്ട് ചോർച്ച അന്വേഷിക്കുമെന്ന് മന്ത്രിമാരായ സജി ചെറിയാനും പി.എ. മുഹമ്മദ് റിയാസും വ്യക്തമാക്കി. അതേസമയം, ഉമ്മന്‍ ചാണ്ടിയുടെ മരണത്തിന് മൂന്നാഴ്ചക്ക് ശേഷം പ്രഖ്യാപിച്ച തെരഞ്ഞെടുപ്പില്‍ സഹതാപ തരംഗം ആഞ്ഞുവീശിയെന്നും സർക്കാരിന്‍റെ പ്രവർത്തനങ്ങളുടെ വിലയിരുത്തല്‍ ഉണ്ടായിട്ടില്ലെന്നുമാണ് നേതാക്കള്‍ ആവർത്തിക്കുന്നത്. നവംബറില്‍ രണ്ട് ഘടകകക്ഷി മന്ത്രിമാരെ മാറ്റി പുതിയ രണ്ടുപേരെ ഉൾപ്പെടുത്തിയുള്ള മന്ത്രിസഭാ പുനഃസംഘടനയുണ്ടാകും. ഇതിനൊപ്പം സർക്കാരിന്‍റെ പ്രതിഛായ വർധിപ്പിക്കുന്നതിനായി സിപിഎം മന്ത്രിമാരിലും വകുപ്പുകളിലും മാറ്റം വരുത്തുന്ന കാര്യത്തിലും പാർട്ടിയിൽ ആലോചനകൾ നടക്കുകയാണ്.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി