രാഹുൽ ഈശ്വർ
കൊച്ചി: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ലൈംഗിക പീഡന പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ചെന്ന കേസിൽ രാഹുൽ ഈശ്വറിന് ജാമ‍്യമില്ല. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയുടേതാണ് നടപടി. വ‍്യാഴാഴ്ച വൈകിട്ട് അഞ്ചു മണി വരെ രാഹുലിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
രാഹുൽ ഈശ്വർ അതിജീവിതയെ അപമാനിക്കുന്ന രീതിയിൽ പ്രവർത്തിച്ചെന്ന് പ്രോസിക‍്യൂഷൻ വാദിച്ചു. കഴിഞ്ഞ ദിവസം നിരാഹാര സമരത്തിലാണെന്ന് ജയിൽ സുപ്രണ്ടിന് എഴുതി നൽകിയതിനെത്തുടർന്ന് രാഹുലിനെ ജയിൽ മാറ്റിയിരുന്നു.
രാഹുലിന്‍റെ ആരോഗ‍്യം നിരീക്ഷിക്കണമെന്ന തീരുമാന പ്രകാരമാണ് പൂജപ്പുര ജില്ലാ ജയിലിൽ നിന്നും സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.
അതിജീവിതയുടെ വിവരങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുകയും ലൈംഗികച്ചുവയുള്ള പരാമർശങ്ങൾ നടത്തുകയും ചെയ്തു എന്ന സൈബർ ക്രൈം കേസിലായിരുന്നു രാഹുൽ ഈശ്വറിനെതിരേ ജാമ‍്യമില്ല വകുപ്പ് പ്രകാരം കേസെടുത്തത്. എന്നാൽ പരാതിക്കാരിയുടെ പേര് പറയുകയോ ചിത്രം പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ലെന്നായിരുന്നു രാഹുൽ കോടതിയിൽ വാദിച്ചത്.