രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട്: ലൈംഗിക പീഡനക്കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ കർണാടകയിലേക്ക് കടന്നതായി സൂചന. കഴിഞ്ഞ ദിവസം ഉച്ചയോടെ രാഹുൽ ചുവന്ന പോളോ കാറിൽ തമിഴ്നാട്- കർണാടക അതിർത്തിയായ ബാഗലൂരിലെത്തിയതായും അവിടെ നിന്നും മറ്റൊരു കാറിൽ കർണാടകയിലേക്ക് കടന്നതായാണ് വിവരം.
രാഹുലിനെ ബാഗലൂരിലെത്തിച്ചയാളെ പറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസിൽ പ്രതി ചേർക്കപ്പെട്ടതിനു പിന്നാലെയാണ് രാഹുൽ ഒളിവിൽ പോയത്. അതേസമയം, കേസിൽ അടച്ചിട്ട മുറിയിൽ മുൻകൂർ ജാമ‍്യാപേക്ഷ പരിഗണിക്കണമെന്നാവശ‍്യപ്പെട്ട് രാഹുൽ തിരുവനന്തപുരം സെഷൻസ് കോടതിയെ സമീപിച്ചിരുന്നു.
ഡിജിറ്റൽ തെളിവുകൾ ഉൾപ്പടെ പരിശോധിക്കേണ്ടതിനാൽ ഈ വിവരങ്ങൾ പുറത്തുപോകാൻ പാടില്ലെന്ന് രാഹുൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് നിന്ന് രക്ഷപ്പെടാൻ ഉപയോഗിച്ച ചുവന്ന കാർ ഉപയോഗിച്ചിരുന്നത് മുതിർന്ന കോൺഗ്രസ് നേതാവാണെന്നാണ് സൂചന. ഈ നേതാവ് രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ചോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.
ഇത് സംബന്ധിച്ച് സ്റ്റാഫ് അംഗങ്ങളിൽ നിന്ന് നിർണായക വിവരങ്ങൾ കിട്ടിയതായാണ് സൂചന. രാഹുലിനായി പാലക്കാടും , തമിഴ്നാട്ടിലും ബെംഗലുരൂവിലും പൊലീസ് വ്യാപക പരിശോധന നടത്തുന്നുണ്ട്.