രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ അതിജീവിതയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്. കേസിന് പിന്നാലെ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ഡിസിപിയും ഒരു അസിസ്റ്റന്‍റ് കമ്മീഷണറും ഉൾപ്പെടുന്ന പ്രത്യേക സംഘം രൂപീകരിച്ചുള്ള അന്വേഷണത്തിനാണ് ഡിജിപിയുടെ നിർദേശം. രാഹുലിനായി കേരളത്തിലുടനീളം അന്വേഷണം വ്യാപിപ്പിച്ച പൊലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചു.
അതേസമയം, രാഹുലിനെതിരെ പാലക്കാടും അടൂരിലെ വീട്ടിലേക്കും പ്രതിഷേധവുമായി വിദ്യാർഥി യുവജന സംഘടനകളും രംഗത്തെത്തി. കേസിൽ രാഹുലും വഞ്ചിയൂർ കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിട്ടുണ്ട്. പൊലീസ് കേസെടുത്തതോടെ പ്രതിരോധത്തിലായ കോൺഗ്രസിൽ രാഹുലിനെ എതിത്തും അനുകൂലിച്ചും അഭിപ്രായങ്ങളും പുറത്തുവരുന്നുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് പ്രചരണത്തിലും വിവാദം പ്രതിഫലിച്ച് തുടങ്ങിയതിനാൽ രാഹുലിനെതിരായ കേസ് പാർട്ടിയ്ക്കും മുന്നണിക്കും തലവേദനയായി മാറിയിരിക്കുകയാണ്.
രാഹുലിനെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ നെയ്യാറ്റിന്‍കര കോടതിയിലാണ് വനിതാ മജിസ്‌ട്രേട്ട് രഹസ്യമൊഴി രേഖപ്പെടുത്തിയത്. പൊലീസിനൊപ്പം കോടതിയിലെത്തി യുവതി മൊഴി നൽകി. മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എഡിജിപിയുടെ നിർദേശമെത്തിയതോടെ തിരുവനന്തപുരം വലിയമല പൊലീസാണ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തി എന്നതടക്കം കുറ്റങ്ങളാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം നടന്നത് നേമം സ്‌റ്റേഷന്‍ പരിധിയില്‍ ആയതിനാൽ കേസ് അങ്ങോട്ട് മാറ്റി. കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒന്നാം പ്രതിയും സുഹൃത്ത് ജോബി ജോസഫ് രണ്ടാം പ്രതിയുമാണ്. അടൂര്‍ സ്വദേശിയാണ് ജോബി ജോസഫ്. ജോബിയുടെയും മൊബൈല്‍ സ്വിച്ച് ഓഫ് ആണ്. രാഹുലിനൊപ്പം ഇയാളും ഒളിവില്‍ പോയതായാണ് സൂചന.
അശാസ്ത്രീയമായി ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചു, ബലാത്സംഗം തുടങ്ങിയ വകുപ്പുകള്‍ക്ക് പുറമെ ദേഹോപദ്രവം ഏല്‍പ്പിക്കല്‍ വകുപ്പ് കൂടി ചുമത്തിയാണ് കേസെടുത്തത്. പത്ത് വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയത്. പരാതി ലഭിച്ചയുടന്‍ വ്യഴാഴ്ച വിശദമായി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഡിജിറ്റല്‍ തെളിവുകള്‍ക്ക് പുറമെ താന്‍ പലഘട്ടങ്ങളിലായി വൈദ്യസഹായം തേടിയ മെഡിക്കല്‍ രേഖകളും പെണ്‍കുട്ടി പൊലീസിന് കൈമാറിയിരുന്നു. പിന്നാലെയാണ് കോടതിയിൽ മൊഴി നൽകിയത്.
രാഹുലിനെതിരെ ഗുരുതര പരാമര്‍ശങ്ങളാണ് എഫ്ഐആറിലുള്ളത്. ഗര്‍ഭഛിദ്രം നടത്താന്‍ രാഹുല്‍ സുഹൃത്ത് വഴി ഗുളിക എത്തിച്ചെന്നാണ് യുവതിയുടെ മൊഴി. വീഡിയോ കോള്‍ വിളിച്ച് രാഹുല്‍ ഭീഷണിപ്പെടുത്തിയതോടെയാണ് ഗുളിക കഴിച്ചതെന്നും ഗുളിക കഴിച്ച ശേഷം ഗുരുതര ശാരീരിക പ്രശ്‌നങ്ങളുണ്ടായെന്നും യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഗര്‍ഭഛിദ്രത്തിന് താത്പര്യമില്ലായിരുന്നെന്നും രാഹുലിന്‍റെ നിര്‍ബന്ധപ്രകാരമാണ് സമ്മതിച്ചതെന്നും യുവതിയുടെ മൊഴിയിലുണ്ട്. തുടര്‍ന്ന് ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടറെയാണ് സമീപിച്ചതെന്നും പരാതിക്കാരി പറയുന്നു.
ആശുപത്രിയെയും ഡോക്‌റെയും പൊലീസ് നേരത്തെ തിരിച്ചറിഞ്ഞിരുന്നു. തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളില്‍ അടക്കം മൂന്നിടത്ത് വെച്ച് ബലാല്‍സംഗം ചെയ്‌തെന്നാണ് യുവതിയുടെ മൊഴി. ഗര്‍ഭിണിയാണെന്ന് അറിഞ്ഞിട്ടും ബലാത്സഗം ചെയ്‌തെന്നും എതിര്‍ത്തപ്പോള്‍ ക്രൂരമായി മര്‍ദിച്ചുവെന്നും യുവതിയുടെ മൊഴിയിലുണ്ട്. സ്വകാര്യ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയും അത് കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. 2025 മാര്‍ച്ചു മുതല്‍ പീഡിപ്പിച്ചുവെന്നും ഗര്‍ഭിണിയായ ശേഷം പാലക്കാട്ടുള്ള ഫ്‌ളാറ്റില്‍ വെച്ചും ഭീഷണിപ്പെടുത്തിയെന്നും മൊഴിയില്‍ പറയുന്നു. തിരുവനന്തപുരത്ത് നിയമസഭ നടക്കുന്ന കാലയളവിലും പീഡനം നേരിടേണ്ടിവന്നെന്നും പരാതിയിലുണ്ട്.
യുവതിയുടെ വാട്‌സാപ് സന്ദേശങ്ങള്‍ മുമ്പ് പുറത്തുവന്നിരുന്നെങ്കിലും വ്യാഴാഴ്ചയാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. തിരുവനന്തപുരം കമ്മീഷണർക്കാണ് കേസിന്‍റെ അന്വേഷണ ചുമതല. അതേസമയം രാഹുലിനെ ബന്ധപ്പെടാന്‍ ഇതുവരെയും പൊലീസിന് കഴിഞ്ഞിട്ടില്ലെന്നതിനാൽ ലുക്കൗട്ട് നോട്ടീസ് ഇറക്കിയ പൊലീസ് തമിഴ്നാട്ടിലും കർണാടകത്തിലും അന്വേഷണം വ്യാപിപ്പിച്ചു