രഞ്ജിത്ത് file image
Kerala

"പരാതി നൽകിയത് 15 വർഷങ്ങൾക്ക് ശേഷം''; സംവിധായകൻ രഞ്ജിത്തിനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

2009 ൽ ലൈംഗികാതിക്രമം നടന്നുവെന്നായിരുന്നു കേസ്

Namitha Mohanan

കൊച്ചി: ലൈംഗികാതിക്രമം നടത്തിയെന്ന ബംഗാളി നടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി. ജസ്റ്റിസ് സി. പ്രതീപ് കുമാറിന്‍റെ ബെഞ്ചാണ് കേസ് റദ്ദാക്കിയത്.

2009 ൽ ലൈംഗികാതിക്രമം നടന്നുവെന്നായിരുന്നു കേസ്. 15 വർഷം മുൻപ് നടന്ന സംഭവത്തിന് ഇപ്പോൾ മാത്രമാണ് കേസെടുത്തതെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് റദ്ദാക്കിയത്. പരമാവധി 2 വർഷം മാത്രം തടവുശിക്ഷ ലഭിക്കുന്ന കേസുകളിൽ സംഭവം നടന്ന് മൂന്നുവർഷത്തിനകം പരാതി നൽകണമെന്നും കോടതി ചൂണ്ടിക്കാട്ടി.

ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചതിനു പിന്നാലെ കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് രഞ്ജിത്തിനെതിരേ നടി പരാതി നൽകിയത്. പാലേരി മാണിക്കത്തിൽ അഭിനയിക്കാനെത്തിയപ്പോൾ സംവിധായകൻ രഞ്ജിത്ത് തന്നോട് മോശമായി പെരുമാറിയെന്നാണ് ബംഗാളി നടിയുടെ വെളിപ്പെടുത്തൽ. ഓഡിഷനായി കേരളത്തിൽ എത്തിയ തന്നെ പാലേരി മാണിക്യത്തിന്‍റെ നിർമാതാവ് ഉൾപ്പെടെയുള്ളവരെ പരിചയപ്പെടുത്താമെന്ന് പറഞ്ഞാണ് സംവിധായകൻ ഹോട്ടൽ റൂമിലേക്ക് വിളിച്ചു വരുത്തിയത്. സംസാരത്തിനിടെ അടുത്തേക്കു വന്ന രഞ്ജിത് ആദ്യം വളകളിൽ തൊട്ടു. വളകളോടുള്ള കൗതുകമാണെന്നാണ് ആദ്യം ധരിച്ചത്. പിന്നീട് മുടിയിലും കഴുത്തിലും സ്പർശിക്കാനൊരുങ്ങിയതോടെ പെട്ടെന്ന് തന്നെ മുറിയിൽ നിന്ന് പുറത്തിറങ്ങിപ്പോയെന്നും ആ രാത്രി മുഴുവൻ ഭയന്നാണ് കേരളത്തിൽ കഴിച്ചു കൂട്ടിയതെന്നും നടി പറയുന്നു.

തിരിച്ച് ഹോട്ടൽ മുറിയിലെത്തിയിട്ടും ഭയം മാറിയിരുന്നില്ല. വാതിൽ ആരെങ്കിലും തള്ളിത്തുറക്കുമോയെന്ന് ഭയന്ന് സോഫ വാതിലിനോട് ചേർത്തിട്ടാണ് ഇരുന്നത്. തിരിച്ചു പോകാനായി ടിക്കറ്റ് എടുത്തു തരാൻ പോലും സിനിമാ നിർമാതാവ് തയാറായില്ല. സംഭവത്തെക്കുറിച്ച് ഡോക്യുമെന്‍ററി സംവിധായകൻ ജോഷി ജോസഫിനോട് പരാതിപ്പെട്ടിരുന്നു. എന്നാൽ മറ്റു നടപടികൾ ഒന്നും ഉണ്ടായില്ല. പ്രതികരിച്ചതിനാൽ പാലേരി മാണിക്യത്തിലും മറ്റൊരു മലയാള സിനിമയിലും തനിക്ക് അവസരം ലഭിച്ചില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു.

അണ്ടർ-19 ഏഷ്യ കപ്പ്: ഇന്ത്യ ഫൈനലിൽ

ശബരിമല സ്വർണക്കൊള്ള: പങ്കജ് ഭണ്ഡാരിയും ഗോവർധനും അറസ്റ്റിൽ

ഇന്ത്യക്ക് ബാറ്റിങ്, സഞ്ജു ഓപ്പണർ

അന്വേഷണത്തിൽ അലംഭാവം, പ്രതികളെ എസ്ഐടി സംരക്ഷിക്കാൻ ശ്രമിക്കുന്നു: രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ഇടുക്കിയിൽ 72 കാരിയെ തീകൊളുത്തിക്കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും