ബാക്കിവെച്ച ആടിന്‍റെ മാംസം കഴിക്കാനെത്തി, രണ്ട് മാസമായി റാന്നിയെ വിറപ്പിച്ച കടുവ കൂട്ടിൽ
റാന്നി: രണ്ട് മാസത്തോളമായി റാന്നിയെ ഭീതിയിലാഴ്ത്തിയ കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. തിങ്കളാഴ്ച രാവിലെയാണ് കടുവയെ കൂടിനകത്ത് കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. ഒരു കണ്ണിന് കാഴ്ച കുറവുള്ള കടുവ അവശനിലയിലാണ്. ഒരു മാസം മുൻപ് വനാതിർത്തിയിൽ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.
ഞായറാഴ്ച മേയാൻ വിട്ട ആടിനെ കടുവ പിടികൂടിയിരുന്നു. ആടിന്റെ ജഡം കൂടിന് സമീപത്തു നിന്ന് കണ്ടെത്തി. തുടർന്ന് ഈ ജഡം കൂട്ടിൽ വെക്കുകയായിരുന്നു. ഇത് കഴിക്കാനെത്തിയപ്പോഴാണ് കടുവ കൂട്ടിൽ കുടുങ്ങിയത്.
കടുവ കാരണം കാടുപിടിച്ച പ്രദേശത്ത് പകൽപോലും ഇറങ്ങാൻ നാട്ടുകാർക്ക് പേടിയായിരുന്നു. കഴിഞ്ഞ മാസം 9ന് കടുവയെ കുമ്പളത്താമണ്ണിലെ വീടിന് സമീപത്ത് കണ്ടിരുന്നു. പിന്നാലെ ഒരു വളർത്തു നായയെ കടുവ പിടികൂടുകയും ചെയ്തു. വളർത്തു നായയെ കൊന്ന് പകുതി ശരീരം തിന്നുതീർത്താണ് കടുവ അന്ന് മടങ്ങിയത്. ഒക്ടോബറിൽ ജനവാസമേഖലയിലെ പാടത്ത് മേയാൻ വിട്ട പോത്തിനെയും കടുവ പിടിച്ചിരുന്നു.