സൗദി അറേബ‍്യയിൽ പന്നിയിറച്ചി ലഭിക്കുന്ന ഹോട്ടൽ തുടങ്ങുമെന്ന തരത്തിൽ വ‍്യാജ പ്രചാരണം; പരാതി നൽകി റാപ്പർ വേടൻ
കൊച്ചി: സൗദി അറേബ‍്യയിൽ പന്നിയിറച്ചി ലഭിക്കുന്ന ഹോട്ടൽ തുടങ്ങുമെന്ന തരത്തിൽ തനിക്കെതിരേ പ്രചരിച്ചത് വ‍്യാജ വാർത്തയാണെന്ന് റാപ്പർ വേടൻ. ഇതേത്തുടർന്ന് ഡിജിപിക്കും ആലുവ റൂറൽ പൊലീസിനും വേടൻ പരാതി നൽകി. വിപിൻ വിജയൻ, അശോക് പെരുമെത്ത്, പിഎസ്എം മജീദ് എന്നിങ്ങനെ മൂന്ന് ഫെയ്സ്ബുക്ക് അക്കൗണ്ടുകൾക്കെതിരേയാണ് വേടൻ പൊലീസിനെ സമീപിച്ചിരിക്കുന്നത്.
ശക്തമായ നിയമനടപടി വേണെന്നാണ് വേടന്‍റെ ആവശ‍്യം. തനിക്കെതിരേ ഗൂഢാലോചന നടത്തി അപവാദ പ്രചാരണം നടത്തുകയാണെന്നാണ് വേടൻ പറയുന്നത്. സാധാരണ താൻ ഇത്തരം കാര‍്യങ്ങൾക്ക് മറുപടി പറയാറില്ലെന്നും എന്നാൽ ഇത്തവണ പറയാതെ വയ്യ എന്നും തുടങ്ങുന്ന കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് വേടൻ പ്രതികരിച്ചത്.
സൗദി അറേബ‍്യയിലോ മറ്റേതെങ്കിലും ഗൾഫ് രാജ‍്യത്തോ ഹോട്ടലോ റസ്റ്റോറന്‍റോ തുടങ്ങാൻ തനിക്ക് പദ്ധതിയില്ലെന്നും വേടൻ വ‍്യക്തമാക്കി. സൗദിയിലേക്ക് പോകുന്നത് പെർഫോമിങ് ആർടിസ്റ്റ് എന്ന നിലയിലാണെന്നും സംഘാടകരുടെ ക്ഷണപ്രകാരമാണ് പരിപാടിയെന്നും വേടൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.