തിരുവനന്തപുരം: എലപുള്ളിയിൽ മദ‍്യ നിർമാണ കമ്പനിക്ക് അനുമതി നൽകയതിൽ അഴിമതിയുണ്ടെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നിയമസഭയിലാണ് ചെന്നിത്തല ആരോപണം ഉന്നയിച്ചത്. മുഖ‍്യമന്ത്രിക്ക് താത്പര‍്യമുള്ള കമ്പനിക്ക് അതീവ രഹസ‍്യമായിട്ടാണ് അനുമതി നൽകിയത്. എൽഡിഎഫ് പോലും ഇതറിഞ്ഞില്ലെന്നും ചെന്നിത്തല.
മദ‍്യ നിർമാണ കമ്പനിക്ക് അനുമതി നൽകിയത് നായനാർ സർക്കാരാണ്. പിന്നീട് മാറി മാറി വന്ന സർക്കാരുകൾ എല്ലാം അത് പാലിച്ചു. മദ‍്യകമ്പനി തുടങ്ങണമെന്ന് ഇപ്പോൾ എന്താണ് നിർബന്ധമെന്നും അദ്ദേഹം ചോദിച്ചു.
ഡൽഹി മദ‍്യനയക്കേസിന് സമാനമായ അഴിമതിയാണിത്. ഡൽഹി മദ‍്യ അഴിമതി വിവാദം ഉണ്ടാക്കിയ കമ്പനിയാണ് ഒയാസിസ്. പ്ലാച്ചിമട സമരം നടത്തിയ ഇടതുപക്ഷ പ്രവർത്തകർ ഇതിന് മറുപടി പറയണമെന്നും ചെന്നിത്തല പറഞ്ഞു.
പ്രതിദിനം അഞ്ച് ലിറ്റർ വെള്ളം ആവശ‍്യം വരുന്ന കമ്പനിക്ക് എങ്ങനെ അനുമതി നൽകി? കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ജവാൻ മദ‍്യത്തിന് വെള്ളം കൊടുക്കുന്നില്ല. സർക്കാരിന് കീഴിലുള്ള മലബാർ ഡിസ്റ്റിലറീസിനു വെള്ളം കൊടുക്കുന്നില്ല. ജനങ്ങൾക്ക് വെള്ളമില്ല. ഇത് കൊള്ളയാണ്. മദ‍്യ കമ്പനിക്ക് നൽകിയ അനുമതി പിൻവലിക്കണമെന്നും അദ്ദേഹം പറഞ്ഞു.