Legislative Assembly 
Kerala

അവസാന ദിനത്തിലും കൊമ്പു കോർത്ത് ഭരണ-പ്രതിപക്ഷാംഗങ്ങൾ

ബാനറും പ്ലക്കാഡുമായി പ്രതിപക്ഷം പ്രതിഷേധിച്ചതോടെ സ്പീക്കർ ചോദ്യോത്തര വേള റദ്ദാക്കി.

MV Desk

സ്വന്തം ലേഖകൻ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരി‍ന്‍റെ അവസാന നിയമസഭാ ദിനവും ഭരണ- പ്രതിപക്ഷ ഏറ്റുമുട്ടലോടെ അവസാനിച്ചതോടെ ഇനി പ്രതിഷേധങ്ങളും പോർവിളികളും പുറത്തേക്ക്. സർക്കാരിന്‍റെ കാലാവധി അവസാനിക്കുന്ന സഭാ സമ്മേളനത്തിന്‍റെ അവസാന ദിനത്തിൽ പരസ്പരം കൈകൊടുത്തും ഗ്രൂപ്പ് ഫോട്ടൊയെടുത്തും മടങ്ങിയിരുന്ന ഭരണ, പ്രതിപക്ഷങ്ങൾ ചൊവ്വാഴ്ചയും സഭയിൽ കൊമ്പ് കോർത്താണ് മടങ്ങിയത്.

ശബരിമല സ്വർണക്കൊള്ളയിൽ സഭയിൽ ആദ്യം പ്രതിഷേധിച്ച പ്രതിപക്ഷം ഭരണപക്ഷത്ത് നിന്നും മന്ത്രിമാരടക്കം ബഹളം തുടങ്ങിയതോടെ സഭ ബഹിഷ്കരിച്ച് പുറത്തുപോയി. പ്രതിപക്ഷാംഗങ്ങൾ ഇറങ്ങിപ്പോയതോടെ മന്ത്രിസഭയൊന്നാകെ സ്പീക്കറുടെ മുറിയിലെത്തി ഗ്രൂപ്പ് ഫോട്ടൊ പകർത്തി മടങ്ങി.

സമ്മേളനം ആരംഭിച്ചതോടെ നിലപാട് വ്യക്തമാക്കുന്നതിനായി എഴുന്നേറ്റ പ്രതിപക്ഷ നേതാവിന്‍റെ ചുമതലയുള്ള നേതാവ് കെ. ബാബു യുഡിഎഫ് സ്വന്തമായി ഒരു ആക്ഷേപവും പറഞ്ഞില്ലെന്ന് വ്യക്തമാക്കി. കോടതി പറഞ്ഞ കാര്യം പറഞ്ഞെന്നേയുള്ളൂ. തന്ത്രിയെ 40 ദിവസം ജയിലിലിട്ടതിന്‍റെ ഉത്തരവാദിത്തം ആർക്കാണ്? വിശ്വാസികളോട് സർക്കാർ ഉത്തരം പറയണം. സർക്കാർ വീഴ്ചകൊണ്ട് മാത്രമാണ് സ്വർണക്കൊള്ള കേസിൽ പ്രതികൾ പുറത്തിറങ്ങുന്നത്. യുവതീപ്രവേശനത്തിന് സഹകരിക്കാത്തതിന്‍റെ പ്രതികാരമാണ് തന്ത്രിയോട് തീർത്തത്. ദേവസ്വം മന്ത്രി രാജി വച്ചാൽ പ്രശ്നം തീരുമെന്നും സഭ സുഗമമായി മുന്നോട്ടു പോകുമെന്നും അല്ലാതെ തങ്ങൾ സഹകരിക്കില്ലെന്നും ബാബു പറഞ്ഞു.

പിന്നാലെ മുദ്രാവാക്യം മുഴക്കി പ്രതിപക്ഷാംഗങ്ങൾ സ്പീക്കർക്ക് മുന്നിലേക്കിറങ്ങി. ചോദ്യോത്തരവേളയ്ക്കിടെ പ്രതിഷേധം ആരംഭിച്ച പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും രംഗത്തെത്തി. പ്രതിപക്ഷത്തിന് ചർച്ചകളെ ഭയം ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ചരിത്രത്തിലെ ഏറ്റവും കഴിവുകെട്ട പ്രതിപക്ഷമെന്ന് മന്ത്രി പി. രാജീവും കുറ്റപ്പെടുത്തി. തന്ത്രിയുടെ വക്കാലത്ത് ഏറ്റെടുത്താണ് പ്രതിപക്ഷം സംസാരിക്കുന്നതെന്നും തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ ജനം ആഴക്കടലിൽ വലിച്ചെറിയുമെന്നും മന്ത്രി എം.ബി. രാജേഷും ബിജെപിക്ക് വേണ്ടിയാണ് പ്രതിഷേധമെന്ന് മറ്റ് മന്ത്രിമാരും തുറന്നടിച്ചു.

ഇതൊന്നും ശ്രദ്ധിക്കാതെ ബാനറും പ്ലക്കാഡുമായി പ്രതിപക്ഷം പ്രതിഷേധിച്ചതോടെ സ്പീക്കർ ചോദ്യോത്തര വേള റദ്ദാക്കി. പിന്നാലെ നടപടികളുമായി സർക്കാർ മുന്നോട്ടുപോയതോടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. ബില്ലുകളടക്കം പാസാക്കി അതിവേഗം നടപടികൾ പൂർത്തിയാക്കിയ സ്പീക്കർ സഭാ സമ്മേളനം അവസാനിപ്പിക്കുന്നതിനുള്ള പ്രമേയം അവതരിപ്പിക്കുന്നതിന് മുഖ്യമന്ത്രിയെ ക്ഷണിച്ചു.

പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രസംഗം തുടങ്ങിയ മുഖ്യമന്ത്രി അവിശ്വാസ പ്രമേയം പോലും കൊണ്ടുവരാൻ കഴിയാത്ത പ്രതിപക്ഷമെന്നും പരിഹസിച്ചു. അടിയന്തര പ്രമേയത്തെ ഭയപ്പെടുന്ന പ്രതിപക്ഷം, വികസനവിരുദ്ധർ, നുണപ്രചാരകർ തുടങ്ങി പ്രതിപക്ഷത്തെ വിമർശനം കൊണ്ട് മൂടിയ മുഖ്യമന്ത്രിയുടെ പ്രസംഗം 20 മിനിറ്റോളം നീണ്ടു. നാടിനെ ഉയർത്താൻ ആവുന്നതെല്ലാം ചെയ്തെന്നും അതിലുള്ള ആത്മസംതൃപ്തിയും ആത്മവിശ്വാസവും പ്രകടിപ്പിച്ചാണ് മുഖ്യമന്ത്രി തന്‍റെ രണ്ടാം ഊഴത്തിലെ അവസാന നിയമസഭാ പ്രസംഗം പൂർത്തിയാക്കിയത്. പിന്നാലെ സഭാനടപടികൾ സബന്ധിച്ച് സ്പീക്കർ സംക്ഷിപ്തം അവതരിപ്പിച്ചു. തുടർന്ന് സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.

204 ദിവസം സമ്മേളനം, പാസാക്കിയത് 168 ബില്ലുകൾ; ചരിത്രത്തിലിടം നേടി പതിനഞ്ചാംകേരള നിയമസഭ

പിഎസ്‌സി പ്രായപരിധി കൂട്ടി; 40 വയസു വരെ അപേക്ഷിക്കാം

അച്ഛന്‍റെ ആരോഗ്യനില മോശമായി; റിങ്കു സിങ് നാട്ടിലേക്ക് മടങ്ങി

കറുപ്പണിഞ്ഞ് വേടൻ, നീലയിൽ സുന്ദരിയായി നവമിലത; ഭരണഘടന സാക്ഷിയാക്കി വിവാഹം

കൊച്ചി കായലിൽ നവജാത ശിശുവിന്‍റെ മൃതദേഹം