കൊച്ചി: അങ്കമാലിയെ എരുമേലിയുമായി ബന്ധപ്പിക്കുന്ന നിര്‍ദിഷ്ട ശബരി റെയ്‌ൽ പാതയില്‍ പുതിയ നീക്കവുമായി കേന്ദ്രം. പദ്ധതിക്കായി ത്രികക്ഷി കരാര്‍ തയാറാക്കാനാണ് കേന്ദ്ര നിര്‍ദേശം. കെ റെയ്‌ലിനാണ് ചുമതല. ഫണ്ടിങ്ങിനായി കേരളത്തിന് റെയ്‌ല്‍വേയും റിസർവ് ബാങ്കുമായി ത്രികക്ഷി കരാര്‍ ഉണ്ടാക്കാമെന്നാണ് നിര്‍ദേശം. ഇത് സംബന്ധിച്ച് അഡീഷണല്‍ ഗതാഗത സെക്രട്ടറി സംസ്ഥാനത്തിന് കത്തയച്ചു.
റിസർവ് ബാങ്ക്, റെയ്‌ല്‍വേ എന്നിവരുമായി മഹാരാഷ്‌ട്ര സര്‍ക്കാര്‍ പദ്ധതികള്‍ക്കുള്ള ഫണ്ടിങ്ങിനായി ഒരു ത്രികക്ഷി കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. ഈ കരാറിന്‍റെ മാതൃകയില്‍ പദ്ധതിക്കായി കരാര്‍ തയാറാക്കാനാണ് നിര്‍ദേശം. ശബരി റെയ്‌ൽ പദ്ധതിയുമായി ബന്ധപ്പെട്ട് ഈ മാസം 6ന് മുഖ്യമന്ത്രിയും റെയ്‌ൽവേ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാനും കേന്ദ്ര റെയ്‌ല്‍വേ മന്ത്രി അശ്വനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് പിന്നാലെയാണ് കേന്ദ്രത്തിന്‍റെ നിര്‍ദേശം.
പദ്ധതിയുടെ പകുതി ചെലുകള്‍ സംസ്ഥാനം വഹിക്കേണ്ടിവരും. എന്തെങ്കിലും വീഴ്ച കേരളത്തിന്‍റെ ഭാഗത്തുനിന്നുണ്ടായാല്‍ അത് റിസർവ് ബാങ്ക് വഹിക്കണമെന്നാതാണ് നിര്‍ദേശത്തില്‍ പറയുന്നത്. 3,810 കോടി രൂപയാണ് പദ്ധതിയുടെ പ്രതീക്ഷിക്കുന്ന ചെലവ്.