അന്നദാനത്തിൽനിന്ന് സന്നദ്ധ സംഘടനകളെ ഒഴിവാക്കിയത് തട്ടിപ്പിനെന്ന് ആരോപണം.
File photo
കൊച്ചി: ശബരിമലയില്‍ അന്നദാനം നടത്തി വന്നിരുന്ന ഒട്ടേറെ സംഘടനകളുടെ പ്രവര്‍ത്തനം തടഞ്ഞ് അവരെ സന്നിധാനത്തു നിന്ന് ഒഴിവാക്കിയ ശേഷം നടന്നത് വൻ തട്ടിപ്പെന്നു സൂചന. പല സന്നദ്ധ സംഘടനകളും ഉയര്‍ന്ന നിലവാരത്തില്‍ നടത്തിവന്നിരുന്ന അന്നദാനം ഇപ്പോള്‍ തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് നേരിട്ടാണ് നടത്തുന്നത്. ഈ അന്നദാനം സംബന്ധിച്ച് ഭക്തജനങ്ങള്‍ക്കിടയില്‍ വ്യാപക പരാതികളാണുള്ളത്.
ഭക്തജന ബാഹുല്യത്തിന് അനുസരിച്ച് ബോര്‍ഡിന് അന്നദാനം നടത്താനോ, ഭക്ഷണ ഗുണനിലവാരം നിലനിർത്താനോ സാധിക്കുന്നില്ല. അന്നദാനത്തിന്‍റെ മറവിൽ തുക ചെലവഴിക്കുന്നതിലും വലിയ അഴിമതി നടക്കുന്നു എന്നാണ് ആരോപണം. അന്നദാന ഫണ്ടില്ലേക്ക് ഭക്തർ സംഭാവന നല്‍കിയ തുകയില്‍ ഇപ്പോള്‍ കാര്യമായ നീക്കിയിരിപ്പില്ല. ഹൈക്കോടതി ദേവസ്വം ബഞ്ചിനെ പോലും തെറ്റിദ്ധരിപ്പിച്ചാണ് സന്നദ്ധ സംഘടനകളെ അകറ്റിയത്.
നിലയ്ക്കൽ മുതൽ ഭക്തർക്ക് അന്നദാനം നൽകിയിരുന്നതും ക്യുവിൽ നിൽക്കുന്ന ഭക്തർക്ക് കൃത്യമായി ദാഹജലവും ചെറുകടികളും ബിസ്‌ക്കറ്റുമൊക്കെ കൃത്യമായി നൽകി വന്നതും അയ്യപ്പ സേവാസംഘവും അയ്യപ്പ സേവാ സമാജവും മാതാ അമൃതാനന്ദമയീ മഠവും അടക്കമുള്ള സംഘടനകളാണ്.
2019-20 മണ്ഡല- മകരവിളക്ക് കാലം മുതലാണ് സ്വകാര്യ സംഘടനകളുടെയും കൂട്ടായ്മകളുടെയും അന്നദാനത്തിന് വിലക്കേർപ്പെടുത്തിയത്. കൊവിഡ് നിയന്ത്രണങ്ങളുടെ മറവിൽ വിലക്ക് ശക്തിപ്പെടുത്തി, തന്ത്രപരമായി സന്നദ്ധ സംഘടനകളെയെല്ലാം ഒഴിവാക്കി.
നിലയ്ക്കലിൽ അന്നദാനത്തിന്‍റെ മറവിൽ ഒരു കോടിയിലധികം രൂപയുടെ തട്ടിപ്പു നടന്നെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. പച്ചക്കറികളും പലവ്യഞ്ജനങ്ങളും വാങ്ങിയതിന്‍റെ മറവിലായിരുന്നു തട്ടിപ്പ്. 30 ലക്ഷം ചെലവാക്കിയ അന്നദാനത്തിന്‍റെ മറവിൽ ഏകദേശം ഒന്നരക്കോടിയുടെ ബില്ലാണ് ഉദ്യോഗസ്ഥർ മാറിയെടുത്തതെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു.
വര്‍ഷങ്ങളായി അന്നദാനം നടത്തി വന്നിരുന്ന സംഘടനകളുടെ പ്രവര്‍ത്തനം തടഞ്ഞ് അവരെ സന്നിധാനത്ത് നിന്ന് ഒഴിവാക്കിയ ദേവസ്വം നടപടി പുനഃപരിശോധിക്കണമെന്ന് അഖില ഭാരത അയ്യപ്പ സേവാസംഘം കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു.