ശബരിമലയിലെ കട്ടിളപ്പാളികൾ മാറ്റിയിട്ടില്ല; കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണമെന്ന് സ്ഥിരീകരണം
തിരുവനന്തപുരം: ശബരിമലയിലെ കട്ടിളപ്പാളികൾ മാറ്റിയിട്ടില്ലെന്നും കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണമാണെന്നും സ്ഥിരീകരണം. ശാസ്ത്രീയ പരിശോധന ഫലത്തിന്‍റെ അടിസ്ഥാനത്തിലാണ് വിഎസ്എസ്സി ശാസ്ത്രജ്ഞർ ഇത്തരമൊരു സ്ഥിരീകരണത്തിലെത്തിയത്. നിലവിലുള്ളത് ഒറിജിനൽ ചെമ്പ് പാളികൾ തന്നെയാണെന്നും സ്ഥിരീകരിക്കുന്നു.
പാളി ഉൾപ്പെടെ രാജ്യാന്തര റാക്കറ്റിന് കൈമാറിയെന്ന അന്വേഷണ സംഘത്തിന്‍റെ സംശയത്തിനാണ് ഇപ്പോൾ പരിഹാരമാവുന്നത്. മെർക്കുറിയും അനുബന്ധ രാസലായനിയുമാണ് പാളികളിൽ മാറ്റം വരാൻ കാരണമെന്നും ശാസ്ത്രജ്ഞർ പറയുന്നു. പാളികൾ മാറ്റി പുതിയത് സ്ഥാപിച്ചതിന് തെളിവില്ലെന്നും ശാസ്ത്രജ്ഞർ പറയുന്നു.
പോറ്റി കൊണ്ടുപോയി മാറ്റി വച്ച പാളിയിൽ സ്വർണത്തിന്‍റെ കുറവുണ്ട്. എന്നാൽ കട്ടിള പഴയത് തന്നെയാണ്. പക്ഷേ സ്വർണത്തിന് വലിയ തോതിൽ കുറവ് വന്നിട്ടുണ്ട്. പഴയ വാതിലിൽ നിന്നെടുത്ത സാമ്പിളുകളുടെ പരിശോധനാ ഫലം അനിവാര്യമാണ്. അതുകൂടി ലഭിച്ച ശേഷം വിഎസ്എസ്സി ശാസ്ത്രജ്ഞർ അന്തിമ റിപ്പോർട്ട് സമർപ്പിക്കും. അതേസമയം, ശാസ്ത്രജ്ഞരുടെ മൊഴിയുടെ വിശദാംശങ്ങൾ അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു.