മാസം പകുതി കഴിഞ്ഞിട്ടും ശമ്പളമില്ല; വിഷുവും ഈസ്റ്ററും ആഘോഷിക്കാനാകാതെ ജലസേചന വകുപ്പിലെ ജീവനക്കാർ
കൊച്ചി: ശമ്പളം മുടങ്ങിയതോടെ കടത്തിൽ മുങ്ങി ജലസേചന വകുപ്പ് ജീവനക്കാർ. മാർച്ച് മാസത്തിലെ ശമ്പളം ഏപ്രിൽ മാസം പകുതി കഴിഞ്ഞിട്ടും ലഭിച്ചിട്ടില്ല. വിഷുവും ഈസ്റ്ററും സാമ്പത്തിക പ്രതിസന്ധിയിൽ നിറം മങ്ങി കടന്നു പോയെന്നു മാത്രമല്ല, പ്രതിമാസ അടവുകൾക്കുള്ള പണം പോലും കണ്ടെത്താനാവാതെ ബുദ്ധിമുട്ടുകയാണ് ജീവനക്കാർ.
ജലസേചന വകുപ്പിന്‍റെ പ്രോജക്റ്റ് ഒന്ന്, രണ്ട് ചീഫ് എൻജിനീയർ ഓഫിസുകൾക്ക് കീഴിൽ ഇടമലയാർ, മൂവാറ്റുപുഴ, കാരാപ്പുഴ, ബാണാസുര സാഗർ എന്നിവിടങ്ങളിലെ പദ്ധതി ഡിവിഷൻ ഓഫിസിലുള്ള ഇരുന്നൂറോളം ജീവനക്കാരാണ് ശമ്പളം കിട്ടാതെ വലയുന്നത്. ഇതുവരെ ശമ്പളം നൽകുന്നതു സംബന്ധിച്ച നടപടികളൊന്നുമായിട്ടില്ല.
ഡിവിഷൻ ഓഫിസുകളിലെ ഫീൽഡ് സ്റ്റാഫ്, ക്ലർക്കുമാർ എന്നിവരാണ് പ്രതിസന്ധിയിലായത്. അതേസമയം കോഴിക്കോട് ഹെഡ് ഓഫിസിലെ ജീവനക്കാർക്ക് ശമ്പളം ലഭിച്ചിട്ടുണ്ട്.
പ്രോജക്റ്റ് ജീവനക്കാർക്ക് പ്ലാൻഫണ്ടിൽ നിന്നാണ് ശമ്പളം നൽകാറുള്ളത്. സാമ്പത്തിക വർഷത്തിന്‍റെ തുടക്കമായതിനാൽ പദ്ധതിവിഹിത ലഭിക്കാൻ വൈകുന്നത് പതിവാണ്. ഇത്തരം സാഹചര്യങ്ങളിൽ ശമ്പളം നൽകുന്നതിനായി പ്രത്യേക തുക അനുവദിക്കുകയാണ് പതിവ്. എന്നാൽ ഇത്തവണ അതുണ്ടായില്ല. പ്ലാൻ ഫണ്ടിലേക്ക് ബജറ്റ് വിഹിതം അനുവദിച്ചിരുന്നില്ല. ഇത് മുൻകൂട്ടി അറിഞ്ഞ അധികൃതർ ശമ്പളം ഉറപ്പാക്കാനുള്ള മറ്റ് നടപടികളൊന്നും സ്വീകരിച്ചില്ലെന്നും ആരോപണം ഉയരുന്നുണ്ട്. മാർച്ച് ഒടുവിൽ റംസാൻ മുതൽ വിഷുവും ഈസ്റ്ററും അടക്കം ആഘോഷങ്ങൾ നിറഞ്ഞ ദിവസങ്ങളാണ് കടന്നു പോയത്.
കടം വാങ്ങിയാണ് പ്രതിസന്ധി പരിഹരിച്ചതെന്ന് ജീവനക്കാർ പറയുന്നു. പ്ലാൻ ഫണ്ടിനു പകരം നോൺ പ്ലാൻ ഫണ്ടിലേക്കാണ് ഇത്തവണ ജീവനക്കാരുടെ ശമ്പളത്തിനുള്ള തുക ഉൾപ്പെടുത്തിയതെന്നും അതു നടപ്പാകാൻ വൈകിയതാണ് പ്രതിസന്ധിക്കു കാരണമെന്നുമാണ് ജലസേചന വകുപ്പ് അധികൃതരുടെ പ്രതികരണം.