പാലക്കാട്: പി.കെ. ശശിക്കെതിരേ സംസാരിക്കണമെന്ന് ആവശ‍്യപ്പെട്ട് സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കൾ തന്നെ സമീപിച്ചിരുന്നുവെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര‍്യർ. സാമ്പത്തിക ക്രമക്കേടിന്‍റെ രേഖകളുമായാണ് നേതാക്കളെത്തിയതെന്നും എന്നാൽ അന്ന് താൻ ബിജെപി നേതാവായിരുന്നുവെന്നും സന്ദീപ് വാര‍്യർ പറഞ്ഞു.
ശശിക്കെതിരേ നടപടിയുണ്ടാക്കുമെന്ന വാർത്തകൾ പുറത്തുവന്ന സമയത്ത് തന്നെ സിപിഎമ്മിലെ ഉന്നത നേതാവിനെ ഇക്കാര‍്യം അറിയിച്ചിരുന്നതായി സന്ദീപ് വാര‍്യർ വ‍്യക്തമാക്കി.
''പി.കെ. ശശിയോട് സിപിഎം കാണിക്കുന്നത് അനീതിയാണ്. ദീർഘ കാലമായി പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചിട്ടുള്ള നേതാവിനെ ഇന്നലത്തെ മഴയിൽ മുളച്ച തകര ആർഷോയെ പോലുള്ളവർ ഭീഷണിപ്പെടുത്തുമ്പോൾ ശശി പാർട്ടിക്കു വേണ്ടി ചെയ്ത കാര‍്യങ്ങൾ ആർഷോയ്ക്ക് അറിയില്ലെങ്കിലും മണ്ണാർക്കാടുള്ളവർക്ക് അറിയാം.'' സന്ദീപ് വാര‍്യർ പറഞ്ഞു.